Latest News

അമേരിക്കയുടെ സഹായം ഇനി വേണ്ടെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ഒരു പ്രധാന്യവുമില്ല. എല്ലാ കാര്യങ്ങളെക്കുറിച്ചും യുഎസിനോട് നേരത്തെ സംസാരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]

പാകിസ്താന്‍ അമേരിക്കയെ വിഡ്ഢിയാക്കിയെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

പാക് മാധ്യമമായ ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താന് ലഭിച്ച സഹായങ്ങളുടെ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താന്‍ തയ്യാറാണ്. ലഭിച്ച സഹായത്തിന് തങ്ങള്‍ തിരിച്ച് സേവനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഖ്വാജാ ആസിഫ് പറഞ്ഞു.

പാകിസ്താന് 15 വര്‍ഷങ്ങളിലായി 3300 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയത് വിഡ്ഢിത്തരമായിരുന്നു. കള്ളവും വഞ്ചനയുമാണ് അമേരിക്കയ്ക്ക് തിരിച്ച് ലഭിച്ചതെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പാകിസ്താന് നല്‍കിവരുന്ന 25.5 കോടി ഡോളറിന്റെ സഹായധനം അമേരിക്ക റദ്ദാക്കുമെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു.

ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖാഖന്‍ അബ്ബാസിയുമായി ഖ്വാജാ ആസിഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്താനിലുണ്ടായ അമേരിക്കുയടെ പരാജയം മറച്ചുവെക്കാനാണ് ട്രംപിന്റെ പാക് വിരുദ്ധ പ്രസ്താവനയെന്ന് ഖാജാ ആസിഫ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.