Latest News

ബലാത്സംഗകേസ് കെട്ടിച്ചമച്ചത്; യുവാവിനെ വെറുതെവിട്ടു

കാഞ്ഞങ്ങാട്: യുവതിയെ ബലാത്സംഗം ചെയ്തു എന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. [www.malabarflash.com]

ബളാല്‍ കല്ലഞ്ചിറയിലെ 26കാരിയെ കല്ലഞ്ചിറ ചാലിന് സമീപം വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന കേസില്‍ പ്രതിയാക്കപ്പെട്ട കല്ലഞ്ചിറയിലെ ആമുവിന്റെ മകന്‍ സയ്യിദ് മുഹമ്മദി(25)നെയാണ് കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ജഡ്ജ് മനോഹര്‍ കിണി കുറ്റവിമുക്തനാക്കിയത്.

2013 നവംബര്‍ 9നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സയ്യിദ് മുഹമ്മദിനെതിരെ യുവതി വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയെങ്കിലും സംശയം തോന്നിയ പോലീസ് സയിദിനെ അറസ്റ്റ് ചെയ്തിരുന്നില്ല. 

എന്നാല്‍ ഒരുവിഭാഗം നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്ന് സയിദ് മുഹമ്മദിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും 30 ദിവസത്തോളം റിമാന്റും ചെയ്തിരുന്നു.കാസര്‍കോട് എസ്എംഎസ് ഡിവൈഎസ്പി ഹരിശ്ചന്ദ്രനായ്ക് കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി അന്യായക്കാരിയും സഹോദരിയും ഉള്‍പ്പെടെ എട്ട് സാക്ഷികളും എട്ട് രേഖകളും ഹാജരാക്കി. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം വാദിച്ചു.
പരാതിക്കാരിയുടെ ഭര്‍ത്താവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് തന്നെ മനപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കിയതാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. തുടര്‍ന്ന് കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റിയതായി കണ്ടെത്തി സയിദ് മുഹമ്മദിനെ കോടതി കുറ്റവിമുക്തനാക്കിയത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. സി ഷുക്കൂര്‍ ഹാജരായി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.