Latest News

ഗൃ​ഹാ​തു​ര​കാ​ഴ്‌​ച​യൊ​രു​ക്കി ഗ്രാ​മീ​ണ ചാ​യ​ക്ക​ട

കാസര്‍കോട്: ചായപ്പീടിക ചര്‍ച്ച കാലാഹരണപ്പെട്ടെന്ന് വിധിയെഴുതുന്നവരെ തിരുത്തി ഇതാ ആവിപറക്കുന്ന ചായക്കൊപ്പം സകല കാര്യങ്ങളും വിലയിരുത്തുന്ന സംവാദം. ഗ്രാമങ്ങളിലെ ചായപ്പീടികകളില്‍ പഴയകാലത്തുണ്ടായ ചര്‍ച്ചയെ അനുസ്മരിക്കുന്നതാണ് സിപിഐ എം ജില്ലാസമ്മേളന നഗരിയിലെ ചായക്കട.[www.malabarflash.com]

സമകാലിക സംഭവങ്ങളും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയാണ് ഇവിടെ ചര്‍ച്ച കത്തിക്കയറുന്നത്. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിന് മുന്നില്‍ സജ്ജീകരിച്ച ചായക്കടയില്‍ ജീവന്‍തുടിക്കുന്ന അഞ്ച് പ്രതിമകളാണ് കഥാപാത്രങ്ങള്‍.

പത്രവായനയ്ക്കിടെ ഭാസ്കരന്റെയും കൂട്ടരുടെയും ചോദ്യങ്ങള്‍ക്ക് ചരിത്രവസ്തുതകള്‍ നിരത്തിയുള്ള വെള്ളുങ്ങേട്ടന്റെ മറുപടി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. നോട്ട് നിരോധനവും സോളാര്‍ തട്ടിപ്പും കേസും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷ ഇടപെടലുകളും ഈ ചായപ്പീടികയില്‍ ചര്‍ച്ചയാകുന്നു.

ഉപ്പുസത്യഗ്രഹത്തില്‍ ജില്ലയില്‍നിന്നും കെ മാധവന്‍ ഉള്‍പ്പെടെ പങ്കെടുത്ത ഒമ്പതുപേരെക്കുറിച്ചും തോല്‍വിറക് സമരം, പൈവളിഗെ കര്‍ഷക സമരം, കയ്യൂര്‍ സമരം തുടങ്ങി പോയകാലത്ത് സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ പോരാട്ടങ്ങള്‍ ഓരോന്നായി വെള്ളുങ്ങേട്ടന്‍ വിവരിച്ചുകൊടുക്കുമ്പോള്‍ ഭാസ്കരന് മാത്രമല്ല; പഴയ 'പുതിയ' ചായപ്പീടിക കാണാനെത്തുന്നവര്‍ക്കും ചരിത്രത്തെക്കുറിച്ചുള്ള മികവുറ്റ അറിവാണ് ലഭിച്ചത്. 

മോഡി സര്‍ക്കാരിനെയും സംഘപരിവാര്‍ ശക്തികളെയും എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നടപടിയും ഇവിടെ ചര്‍ച്ചയാകുന്നു. കലബുര്‍ഗി, പന്‍സാരെ, ഗൌരി ലങ്കേഷ് തുടങ്ങിയ എഴുത്തുകാരൊക്കെ കൊല്ലപ്പെട്ടത് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന കടുത്ത ഭീഷണിയാണെന്നും പറഞ്ഞ് രണാങ്കണങ്ങളെ... രണാങ്കണങ്ങളെ... എന്നുതുടങ്ങുന്ന വിപ്ളവഗാനവും ആലപിച്ചാണ് വെള്ളുങ്ങേട്ടന്‍ ഇന്നിന്റെ രാഷ്ട്രീയ വര്‍ത്തമാനം അവസാനിപ്പിക്കുന്നത്. 

പയ്യന്നൂരിലെ ശ്രീനിവാസന്‍ ചിത്രാഞ്ജലിയാണ് 'ചായപ്പീടിക' ആവിഷ്കരിച്ചത്. ശബ്ദക്രമീകരണം നിര്‍വഹിച്ചത് മനോഹരന്‍ പയ്യന്നൂരും സ്ക്രിപ്റ്റ് തയ്യാറാക്കിയത് തോമസ് പയ്യന്നൂരുമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.