Latest News

ഇന്ത്യയിലെ മികച്ച പോലീസ് സ്‌റ്റേഷനുകളില്‍ വളപട്ടണം സ്റ്റേഷനും

ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച 10 പോലീസ് സ്റ്റേഷനുകളില്‍ ഒന്നായി കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷനും. ദില്ലിയില്‍ കേന്ദ്രആഭ്യന്തരമന്ത്രിയാണ് വളപട്ടണത്തെ മികച്ചസ്റ്റേഷനായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്. ഒമ്പതാം സ്ഥാനമാണ് വളപട്ടണം സ്റ്റേഷന് ലഭിച്ചത്.[www.malabarflash.com]
പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണത്തെ മികച്ച സ്റ്റേഷനുകളില്‍ ഒന്നായി തെരഞ്ഞെടുത്തത്. കുറ്റാന്വേഷണമികവ്, ക്രമസമാധാനപരിപാലനരംഗത്തെ ജാഗ്രത, കേസുകള്‍ കൈകാര്യം ചെയ്ത രീതി, ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം, ശുചിത്വം തുടങ്ങി മുപ്പതോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വളപട്ടണത്തിന് ഈ അംഗീകാരം. ഈ അംഗീകാരം നേടിയ കേരളത്തിലെ ആദ്യ പോലീസ് സ്‌റ്റേഷനാണ് വളപട്ടണത്തേത്.

കഴിഞ്ഞ ആറുമാസമായി വളപട്ടണത്തെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസംഘം നിരീക്ഷിച്ചുവരികയായിരുന്നു. സ്റ്റേഷന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രസംഘം വളപട്ടണത്ത് എത്തിയിരുന്നു. വീടുകളിലെത്തി ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാണ് കേന്ദ്രസംഘം പോലീസ് സ്റ്റേഷന് മാര്‍ക്കിട്ടത്. 1905ല്‍ ആണ് വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

മികച്ച നേട്ടം കൊയ്ത കേരളാപോലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ പോലീസ് സേനക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ് വളപട്ടണത്തിന്റേത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.