Latest News

അധ്യാപികയെ പുറത്താക്കിയ സ്‌കൂളില്‍ വനിതാ കമ്മീഷന്‍ മിന്നല്‍ സന്ദര്‍ശനം നടത്തി; രണ്ടുദിവസത്തിനകം പ്രശ്‌നപരിഹാരം

കാസര്‍കോട്: വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സ്വകാര്യ സ്‌കൂള്‍മാനേജര്‍ അധ്യാപികയെ പുറത്താക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി.[www.malabarflash.com]

അധ്യാപികയുടെയും സ്‌കൂള്‍ മാനേജ്‌മെന്റിന്റേയും വാദങ്ങള്‍ വിശദമായികേട്ട കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശം ഇരുകൂട്ടരും അംഗീകരിച്ചു. സ്‌കൂളില്‍ തുടര്‍ന്നു ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്ന് അധ്യാപിക വ്യക്തമാക്കിയയോടെ അവര്‍ക്ക് നല്‍കുവാനുള്ള ശമ്പള കുടിശിക ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും രണ്ടുദിവസത്തിനകം കൈമാറണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 

എത്ര തുകയാണ് അധ്യാപികയ്ക്ക് നല്‍കാനുള്ളതെന്ന് തിട്ടപ്പെടുത്തി ചൊവ്വാഴ്ച അറിയിക്കുവാനും തുക കമ്മീഷന്റെ സാന്നിധ്യത്തില്‍ കൈമാറുവാനുമാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദേശത്തുള്ള സ്‌കൂള്‍ മാനേജരുമായി കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ഫോണില്‍ സംസാരിച്ചു. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ചെയര്‍മാന്‍ അംഗീകരിച്ചു.

നേരത്തെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടിട്ടും മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ കാസര്‍കോട് കളക്ടറേറ്റില്‍ നടന്ന അദാലത്ത് കഴിഞ്ഞയുടന്‍ കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഇ.എം രാധ തുടങ്ങിയവര്‍ കുമ്പള പെര്‍വാഡയിലെ സ്വകാര്യ സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.

കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ അദാലത്തില്‍ അധ്യാപികയെ ജോലിയില്‍ തിരികെ എടുക്കാമെന്നും മുമ്പ് ജോലിചെയ്തവകയില്‍ ലഭിക്കുവാനുള്ള മുഴുവന്‍ തുകയും നല്‍കാമെന്നും സ്‌കൂള്‍ ചെയര്‍മാന്‍ കമ്മീഷനോട് സമ്മതിച്ചിരുന്നു. നവംബര്‍ 23 ലെ അദാലത്തില്‍ പരാതിക്കാരിയായ അധ്യാപികയോടും ചെയര്‍മാനോടും ഹാജരാകുവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചെങ്കിലും അധ്യാപിക മാത്രമാണ് എത്തിയത്. സ്‌കൂളില്‍ എത്തിയപ്പോള്‍ ചെയര്‍മാന്‍, മാനേജര്‍, സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ലീവില്‍പോയെന്നും താല്‍ക്കാലിക ചുമതലയുണ്ടായിരുന്നയാള്‍ തന്നെ ജോലിയില്‍ പ്രവേശിപ്പിച്ചില്ലെന്നും അധ്യാപിക വ്യക്തമാക്കിയിരുന്നു. 

ബന്ധപ്പെട്ടവരെ ഫോണില്‍ വിളിച്ചെങ്കിലും അനുകൂലമായ നിലപാടല്ല അവരില്‍ നിന്നുണ്ടായതെന്നും ലഭിക്കാനുണ്ടായ ശമ്പളത്തിന്റെ ബാക്കി തുകയും നല്‍കിയില്ലെന്നും അധ്യാപിക കമ്മീഷനു മുമ്പാകെ ബോധിപ്പിച്ചിരുന്നു. ചെയര്‍മാനെയും മാനേജരെയും സെക്രട്ടറിയെയും കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ അന്ന് ഫോണില്‍ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. തിങ്കളാഴ്ചയും അധ്യാപിക അദാലത്തിനെത്തിയിരുന്നു. തുടര്‍ന്നാണ് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കമ്മീഷന്‍ അംഗങ്ങള്‍ സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത ഡോക്ടര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന യുവതിയുടെ പരാതിയില്‍ വനിത കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കാസര്‍കോട് കളക്ടറേറ്റില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തിലാണ് പരാതി പരിഗണിച്ചത്.

തന്റെ വീട്ടിലേക്കുള്ള വഴി മതില്‍ക്കെട്ടി അടച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ക്ഷേത്രഭരണ സമിതി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഭരണസമിതി അംഗം കമ്മീഷനെ അറിയിച്ചു. വീട്ടിലേക്ക് കടന്നുപോകുന്നതിനായി വഴി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രഭരണസമിതിക്ക് അപേക്ഷ നല്‍കുവാന്‍ വീട്ടമ്മയോട് കമ്മീഷന്‍ നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി യോഗം ചേര്‍ന്ന് അനുകൂലമായ തീരുമാനമെടുക്കുവാനും തര്‍ക്കം ഒത്തുതീരുന്നമുറയ്ക്ക് കോടതിയില്‍ വീട്ടമ്മയും ഭര്‍ത്താവും നല്‍കിയിരിക്കുന്ന പരാതി പിന്‍വലിക്കാനും ഇവരോട് നീര്‍ദേശിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.