കൊണ്ടോട്ടി: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലൈ 29ന് പുറപ്പെടും. നെടുമ്പാശ്ശേരിയില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് സര്‍വിസ് നടത്തുക. നെടുമ്പാശ്ശേരി ഉള്‍പ്പെടെ 2018-ലെ 20 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ സ്ഥിരീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാന കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.[www.malabarflash.com]
ഓഗസ്റ്റ് 15വരെയാണ് നെടുമ്പാശ്ശേരിയിലെ ഹജ്ജ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. നേരിട്ട് ജിദ്ദയിലേക്കായിരിക്കും വിമാനങ്ങള്‍ പുറപ്പെടുക. എന്നാല്‍ മടക്കയാത്ര മദീനയില്‍ നിന്നായിരിക്കും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 15 വരെയാണ് മടക്ക സര്‍വിസുകള്‍.
ഇന്ത്യയില്‍ നിന്നുളള ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസ് ജുലൈ 14ന് ആരംഭിക്കുമെങ്കിലും കേരളം രണ്ടാം ഷെഡ്യൂളിലാണ് ഉള്‍പ്പെട്ടത്. 450 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോയിംഗ് ബി-777-400 വിമാനവും,350 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി-777-300 ഇ.ആര്‍ ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ഹജ്ജ് സര്‍വിസ് നടത്തുക. 11,700 പേര്‍ക്കുള്ള സീറ്റുകളാണ് വിമാനത്തില്‍ ബുക്ക് ചെയ്തിരിക്കുന്നത്.
അഞ്ച് ലിറ്റര്‍ സംസം ജലം വിമാന കമ്പനിയുടെ ഉത്തരവാദിത്തത്തില്‍ എത്തിച്ചു നല്‍കണമെന്ന് വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.വിമാന കമ്പനികള്‍ ഈ മാസം 21നുളളില്‍ ടെന്‍ഡര്‍ നല്‍കണം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് സര്‍വിസ് നടത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു ഹജ്ജ് കമ്മിറ്റിയും തീര്‍ഥാടകരും. വലിയ വിമാനങ്ങളുടെ സര്‍വിസിന് അനുമതി വൈകിയതാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ നെടുമ്പാശ്ശേരിയില്‍ തന്നെ തുടരാന്‍ കാരണം.
No comments:
Post a Comment