Latest News

നിവേദ്യമൊരുക്കാനുള്ള വിഭവങ്ങള്‍ നിറച്ച പുത്തന്‍ കലവും കുരുത്തോലയുമായി ആയിരങ്ങള്‍ ദേവീസന്നിധിയില്‍

ഉദുമ: പാലക്കുന്ന്  ഭഗവതി ക്ഷേത്രത്തിൽ വലിയ കലംകനിപ്പ് മഹാനിവേദ്യത്തിന് വെളളിയാഴ്ച സമർപ്പിച്ചത് പതിനായിരത്തിൽപരം മൺകലങ്ങൾ. രാവിലെ പത്തു മണിയോടെ ഭണ്ഡാരവീട്ടിൽ നിന്നുള്ള പണ്ടാരക്കലമാണ് ക്ഷേത്രത്തിൽ ആദ്യം സമർപ്പിച്ചത്.[www.malabarflash.com] 

തുടർന്നു കഴക പരിധിയിലെ വിവിധ പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ ചെണ്ടവാദ്യ ഘോഷങ്ങളോടെ ആയിരക്കണക്കിനു സ്ത്രീകളാണ് പ്രായവ്യത്യാസമില്ലാതെ നിവേദ്യമൊരുക്കാനുള്ള വിഭവങ്ങൾ നിറച്ച പുത്തൻ കലവും കുരുത്തോലയുമായി ദേവീസന്നിധിയിൽ എത്തിയത്. ക്ഷേത്രപ്രദക്ഷിണത്തിനു ശേഷം കലങ്ങൾ സമർപ്പിച്ചു.
കുത്തിയെടുത്ത പച്ചരി, ശർക്കര, അരിപ്പൊടി, വെറ്റിലടക്ക മുതലായവ വാഴയിലകൊണ്ട് മൂടിക്കെട്ടിയ കലങ്ങളിൽ നിന്നു വേർതിരിക്കുന്നതാണ് ക്ഷേത്രമുറ്റത്ത് ആദ്യം ചെയ്തത്. തുടർന്നു ചോറും അടയും ഉണ്ടാക്കുന്ന ജോലിയിൽ സേവനനിരതരായ നൂറുകണക്കിന് വാല്യക്കാരും ഭരണസമിതി പ്രവർത്തകരും പകലും രാത്രിയും ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ക്ഷേത്രസ്ഥാനികരുടെ നേതൃത്വത്തിലാണ് അടയുണ്ടാക്കാനുള്ള മാവ് കുഴച്ചെടുത്തത്.

ക്ഷേത്രത്തിലെത്തിയവരെല്ലാം മൺചട്ടിയിൽ ഉണക്കലരി കഞ്ഞി, അച്ചാറും ചേർത്ത് കഴിച്ചാണ് തിരിച്ചുപോയത്. നാട്ടിൽ പടർന്നുപിടിക്കുന്ന മാറാരോഗങ്ങളും, വസൂരി പോലുള്ള രോഗങ്ങളും പിടിപെട്ടാൽ നേരുന്ന നേർച്ചയാണിത്. കലംകനിപ്പ് സമർപ്പിച്ചാൽ ആരോഗ്യപൂർണമായ മനസ്സും ശരീരവും സിദ്ധിക്കുമെന്നാണ് വിശ്വാസം.
പത്തായിരത്തിലേറെ കലങ്ങളാണ് മഹാനിവേദ്യത്തിനായി ക്ഷേത്രത്തിൽ സമർപ്പിച്ചതെന്നും ഇതു സർവകാല റെക്കോർഡാണെന്നും ഭരണസമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണൻ പറഞ്ഞു. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കലശാട്ടിനു ശേഷം ദേവിക്കു നിവേദിച്ച ചോറും ചുട്ടെടുത്ത അടയുമായി മൺകലങ്ങൾ തിരിച്ചുനൽകുന്നതോടെ കലംകനിപ്പ് ഉത്സവത്തിന് സമാപനമാകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.