Latest News

കാസര്‍കോട് ജില്ലയില്‍ 1506 കാന്‍സര്‍ രോഗികള്‍

കാഞ്ഞങ്ങാട്: ലോകം മുഴുവന്‍ ഭയക്കുന്ന അര്‍ബുദം പിടിപെട്ട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് അജാനൂര്‍ പഞ്ചായത്തില്‍. ഇതിനകം 38 പേരാണ് കാന്‍സര്‍രോഗം ബാധിച്ച് അജാനൂരില്‍ മരണപ്പെട്ടതെന്ന് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഔദ്യോഗിക വിവരശേഖരണം വെളിപ്പെടുത്തുന്നു.[www.malabarflash.com]

രണ്ടാം സ്ഥാനത്ത് കിനാനൂര്‍-കരിന്തളം പഞ്ചായത്താണ്. ഇതിനകം 36 പേരാണ് കിനാനൂര്‍-കരിന്തളത്ത് രോഗം ബാധിച്ച് മരിച്ചത്. മൂന്നാംസ്ഥാനത്ത് നില്‍ക്കുന്ന നീലേശ്വരം നഗരസഭയില്‍ 29 പേരും മരണപ്പെട്ടു. 

മറ്റു പഞ്ചായത്തുകളില്‍ മരണപ്പെട്ടവരുടെ കണക്ക്: ചെമ്മനാട് - 27, കാഞ്ഞങ്ങാട് നഗരസഭ - 25, ചെങ്കള - 23, മഞ്ചേശ്വരം - 23, കോടോം-ബേളൂര്‍ - 22, ബളാല്‍ - 21, കുമ്പള - 19, പുല്ലൂര്‍-പെരിയ - 18, തൃക്കരിപ്പൂര്‍ -17, ചെറുവത്തൂര്‍ - 17, മീഞ്ച - 16, മംഗല്‍പാടി - 15, കള്ളാര്‍ - 15, കാറഡുക്ക - 14, ബേഡഡുക്ക - 14, വോര്‍ക്കാടി - 13, മുളിയാര്‍ - 13, ബദിയടുക്ക - 12, കയ്യൂര്‍- ചീമേനി - 12, വലിയപറമ്പ - 12, മടിക്കൈ -11, പനത്തടി -11, പിലിക്കോട് - 11, വെസ്റ്റ്എളേരി - 10, മൊഗ്രാല്‍- പുത്തൂര്‍ - 10, കുമ്പഡാജെ - 9, പടന്ന - 8, ഉദുമ - 8, ബെള്ളൂര്‍ - 8, കാസര്‍കോട് നഗരസഭ - 7, ദേലമ്പാടി - 7, പുത്തിഗെ - 5.
ഓരോ വര്‍ഷവും ജില്ലയില്‍ നിന്നും ശരാശരി 700 ഓളം രോഗികളാണ് തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് ചികിത്സ തേടി എത്തുന്നത്. ഇതിനു പുറമെ തിരുവനന്തപുരം ആര്‍സിസിയിലെത്തുന്നവരുടെ എണ്ണം വേറെയും വരും.
അതേസമയം സാമ്പത്തിക നിലയനുസരിച്ച് മംഗളൂര്‍, മണിപ്പാല്‍, ബംഗളൂരു, മുംബൈ, ചെന്നൈ തുടങ്ങിയ വന്‍കിട നഗരങ്ങളിലെ മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ തേടുന്നവരും നിരവധിയുണ്ട്.
മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തിയ പഠനത്തില്‍ 783 പുരുഷന്മാരുള്‍പ്പെടെ 1506 കാന്‍സര്‍ രോഗികള്‍ ജില്ലയില്‍ ഉള്ളതായി ഔദ്യോഗികമായി കണ്ടെത്തിയിട്ടുണ്ട്.
ഓരോ വര്‍ഷവും കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വരുന്ന വര്‍ധനവ് ഭീതിപ്പെടുത്തുന്നതാണ്. കാന്‍സര്‍ രോഗം പിടിപെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. അതേസമയം കാന്‍സര്‍ ചികിത്സാ രംഗത്ത് പല നൂതന മാര്‍ഗങ്ങളും ഉപയോഗിക്കുന്നത് ആശാവഹമാണ്. പ്രാരംഭ ദിശയില്‍ തന്നെ രോഗം കണ്ടുപിടിക്കപ്പെട്ടാല്‍ ഭേദമാക്കാന്‍ കഴിയുന്നുണ്ട്.
വെളളിയാഴ്ച ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റും അര്‍ബുദ രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണ്. മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി മോഡലില്‍ ഉയര്‍ത്താന്‍ വന്‍ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രാരംഭ ഘട്ടത്തില്‍ 282 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കാന്‍സര്‍ സെന്റര്‍ പോസ്റ്റുഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്ററാക്കി മാറ്റാനാണ് തുക വകയിരുത്തിയത്.
ഇതോടൊപ്പം രക്തബാങ്കിന്റെ വിപുലീകരണത്തിനും ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം വിപുലീകരിക്കുന്നതിനും തുക മാറ്റിവെച്ചിട്ടുണ്ട്. കാന്‍സര്‍ ശസ്ത്രക്രിയക്ക് ആധുനിക സൗകര്യങ്ങളും ബ്രാക്കി തെറാപ്പി യൂണിറ്റ് എന്നിവക്കും തുക നീക്കിവെച്ചതും കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.