കാസര്‍കോട്: സുബൈദയെ കൊല്ലുന്നതിനിടയില്‍ അസീസിന്റേയും ഖാദറിന്റെയും കൈകള്‍ക്ക് പൊള്ളലേറ്റതായി വിവരം ലഭിച്ചു. ക്ലോറോഫോമും റബ്ബര്‍ പാല്‍ ഉറക്കാന്‍ ഉപയോഗിക്കുന്ന ആസിഡും അസീസ് കൊണ്ടു നടക്കാറുണ്ടത്രെ.[www.malabarflash.com]
സുബൈദയുടെ വീടിനകത്ത് ആദ്യം കയറുന്നത് അസീസാണ്. രണ്ടാമതായി ഖാദറും. വെള്ളം ചോദിച്ചു കൊണ്ടായിരുന്നു അസീസ് ചെന്നത്. തലേന്ന് വാടക വീട് അന്വേഷിച്ച് വന്ന ആളാണെന്ന് പറഞ്ഞതോടെ സുബൈദ തിരിച്ചറിഞ്ഞു. നാരങ്ങ വെള്ളം ഉണ്ടാക്കാനാണെന്ന് പറഞ്ഞ് അടുക്കളയിലേക്കാണ് സുബൈദ പോയത്. എന്നാല്‍ അതിലൂടെ പുറത്തേക്കിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടുമോ എന്ന പേടി അസീസിനും ഖാദറിനും ഉണ്ടായിരുന്നുവത്രെ. അതിനാല്‍ അസീസ് പിന്നാലെ അടുക്കളയിലേക്ക് പോയി സംസാരിച്ചു.
ഇതിനിടയില്‍ ക്ലോറോഫോം ഖാദര്‍ നേരത്തെ കരുതിയിരുന്ന തൂവാലയിലേക്കൊഴിച്ചുവെച്ചു. വീട്ടില്‍ ഇരിക്കാന്‍ കസേരകള്‍ ഉണ്ടായിരുന്നില്ല. ഒരു മേശ മാത്രമെ ഉണ്ടായിരുന്നുള്ളു. മേശയില്‍ ഒരു ഗ്ലാസ് വെച്ച് സുബൈദ നാരങ്ങവെള്ളം ഒഴിച്ചു കൊണ്ടിരിക്കെ ഖാദര്‍ ക്ലോറോഫോം ഒഴിച്ച തുണി അസീസിന് നല്‍കി. രണ്ടാമത്തെ ഗ്ലാസ് നിറച്ചു കൊണ്ടിരിക്കെയാണ് അസീസ് പിറകില്‍ നിന്ന് മുഖത്ത് ക്ലോറോഫോം ഒഴിച്ച തുണി അമര്‍ത്തിപ്പിടിക്കുന്നത്. പിടയുന്നതിനിടയില്‍ ഖാദര്‍ മുന്‍വശത്തേക്ക് പോയി. വായ മാത്രമെ മൂടിയിട്ടുള്ളുവെന്നും മൂക്ക് മൂടിയിട്ടില്ലെന്നും മനസ്സിലാക്കിയ ഖാദര്‍ തുണി മൂക്കിലേക്ക് നീട്ടിവലിച്ച് അമര്‍ത്തിപ്പിടിച്ചു. പത്ത് മിനിട്ടോളം പിടിച്ചു നിന്ന ശേഷം തറയില്‍ കിടത്തി. കാലുകള്‍ പിടയുന്നുണ്ടായിരുന്നു. അതോടെ ബുര്‍ഖ കീറി കൈകളും കാലുകളും കെട്ടിയിട്ടു. ആഭരണങ്ങള്‍ ഊരിയെടുക്കുകയായിരുന്നു.
ആദ്യം ഒരു കമ്മല്‍ ഖാദര്‍ ഊരിയപ്പോള്‍ രണ്ടാമത്തേത് അസീസ് ഊരിയെടുത്തു. വളകളും രണ്ട് പേരും കൂടി ഊരിയെടുത്തു. അലമാര പരിശോധിച്ചപ്പോള്‍ ഒന്നും കിട്ടിയില്ല. ഒരു മുറി പൂട്ടിയ നിലയിലായിരുന്നു. അത് തുറന്നത് അസീസാണ്. എന്നാല്‍ ആ മുറിയില്‍ യാതൊന്നും ഉണ്ടായിരുന്നില്ല. ഇതിന്റെ ഓടാമ്പലില്‍ നിന്ന് ഒരു ഫിംഗര്‍ പ്രിന്റ് കിട്ടിയിരുന്നു. ഇത് അസീസിന്റേതാണെന്നാണ് സംശയം.
നാരങ്ങവെള്ളം കുടിച്ചിട്ടില്ലെന്നും രണ്ടാമത്തെ ഗ്ലാസില്‍ പാതിയൊഴിക്കുമ്പോഴേക്കും കൊന്നുവെന്നും ഖാദര്‍ മൊഴിനല്‍കിയിട്ടുണ്ട്. അതിനാല്‍ ഡി.എന്‍.എ പരിശോധനക്കുള്ള ഉമിനീരും വിരലടയാളവും ഇതില്‍ നിന്ന് ലഭിക്കില്ലെന്ന് ഉറപ്പായി.
കവര്‍ച്ചക്ക് ശേഷം മടങ്ങുമ്പോള്‍ മൃതദേഹം വാതിലിനോട് ചേര്‍ന്ന് മലര്‍ന്ന് കിടന്ന നിലയിലായിരുന്നു. വാതില്‍ അടക്കാനായി കാല്‍ വലിച്ച് മാറ്റുന്നതിനിടയിലാണ് കമിഴ്ന്ന് വീണതെന്ന് ഖാദര്‍ മൊഴി നല്‍കി. വീട് പുറത്ത് നിന്ന് പൂട്ടിയ ശേഷം വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ചുവന്ന സ്വിഫ്റ്റ് കാറില്‍ കയറി. പട്‌ളയിലെ അസീസും മാന്യയിലെ ഹര്‍ഷാദും കാറില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
നാലുപേരും കാറില്‍ മടങ്ങുന്നതിനിടയില്‍ തെക്കില്‍ പാലത്തില്‍ നിന്ന് വീട് പൂട്ടിയ താക്കോല്‍ പുഴയിലേക്ക് എറിഞ്ഞു. ക്ലോറോഫോം കുപ്പി നാലാംമൈല്‍ എത്തിയപ്പോള്‍ റോഡരികിലേക്ക് എറിഞ്ഞു.
ഹൈവെ കാസില്‍ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തി സെക്യൂരിറ്റിക്കാരനോട് മൂന്ന് കുപ്പി ബിയര്‍ വാങ്ങിക്കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. ബിയര്‍ കഴിച്ചുകൊണ്ട് സംഘം നെല്ലിക്കുന്ന് കടപ്പുറത്തേക്ക് പോയി. അന്ന് ഹര്‍ഷാദ് ഒഴികെ മറ്റു മൂന്നു പേരും മദ്യപിച്ചു.
നെല്ലിക്കുന്നില്‍ വെച്ച് ഒരു രാസലായനി ഉപയോഗിച്ച് അസീസ് സ്വര്‍ണാഭരണങ്ങള്‍ കഴുകി വൃത്തിയാക്കി. കാസര്‍കോട് ടൗണിലേക്ക് വന്ന് ഒരു ജ്വല്ലറി വര്‍ക്‌സില്‍ വിറ്റു. 1,18,000 രൂപയാണ് കിട്ടിയത്. ഇത് വീതിച്ചെടുത്ത ശേഷം കാര്‍ തിരികെ നല്‍കി ബംഗളൂരുവിലേക്ക് പുറപ്പെട്ടു.
ചുവന്ന സ്വിഫ്റ്റ് കാര്‍ ഒറ്റ ദിവസത്തേക്കാണ് വാടകക്കെടുത്തതെന്ന് പോലീസ് പറഞ്ഞു. പിടിയിലാവുമെന്ന് ഉറപ്പായതോടെ സംഘം നാട്ടിലേക്ക് മടങ്ങി. ഖാദര്‍ സംഘത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങി. മറ്റു മൂന്ന് പേര്‍ വീണ്ടും പട്‌ളയില്‍ ഒന്നിച്ച് കൂടിയതായാണ് പോലീസിന് ലഭിച്ച വിവരം. അസീസിനെയും ഖാദറിനെയും പിടിച്ചതറിഞ്ഞ സംഘം വീണ്ടും ബംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു.
No comments:
Post a Comment