തലശ്ശേരി: സി പി എം ചൊക്ലി മുന്‍ ബ്രാഞ്ച് സെക്രട്ടറി പാനൂര്‍ കുറിച്ചിക്കരയിലെ മഠത്തുങ്കണ്ടി ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സംഭവം നേരില്‍ കണ്ടതായി കേസിലെ ഒന്നാം സാക്ഷി വിചാരണ കോടതി മുമ്പാകെ മൊഴിനല്‍കി.[www.malabarflash.com]
കൊല്ലപ്പെട്ട ചന്ദ്രന്റെ മരുമകന്‍ സുനില്‍ കുമാറാണ് വിചാരണ വേളയില്‍ കോടതിയില്‍ മൊഴിനല്‍കിയത്. പ്രതികളായ 9 ബി ജെ പി പ്രവര്‍ത്തകരെയും സാക്ഷി തിരിച്ചറിഞ്ഞു. 2009 മാര്‍ച്ച് 12ന് രാത്രി 7.15 മണിയോടെയാണ് ബി ജെ പി പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളോടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്.
ബി ജെ പി പ്രവര്‍ത്തകരായ പാനൂര്‍ കുറിച്ചിക്കരയിലെ ഓടക്കാട്ട് സന്തോഷ്, അജയന്‍ എന്ന കുട്ടന്‍, എന്‍ പി ശ്രീജേഷ്, വി സി സന്തോഷ്, വി വിജേഷ്, സജീവന്‍, മന്‍മദന്‍, ദിലീപന്‍, ഷാജി എന്നിവരാണ് കേസിലെ പ്രതികള്‍.
സംഭവത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് ബി ജെ പി പ്രവര്‍ത്തകനായ കുറിച്ചിക്കരയിലെ വിനയനെ സി പി എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ചന്ദ്രന്റെ കൊലയെന്നാണ് ആരോപണം. കേസിലെ പ്രതിയായ വി സി സന്തോഷ് കൊല്ലപ്പെട്ട വിനയന്റെ സഹോദരനുമാണ്.
പ്രോസിക്യൂഷന്‍ സാക്ഷികളായി 38 പേരെയാണ് കോടതി മുമ്പാകെ വിസ്തരിക്കാനുള്ളത്. മറ്റു സാക്ഷികളുടെ വിസ്താരം ഫിബ്രവരി 6 മുതല്‍ ആരംഭിക്കും. ചന്ദ്രന്‍ അവസാനമായി ധരിച്ച വസ്ത്രങ്ങളും പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും സാക്ഷി കോടതി മുമ്പാകെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. പി അജയകുമാറും പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ പി എസ് ശ്രീധരന്‍ പിള്ള, ടി സുനില്‍ കുമാര്‍, പി പ്രേമരാജന്‍ എന്നിവരുമാണ് ഹാജരാവുന്നത്. നാലാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജ് വി എന്‍ വിജയകുമാര്‍ മുമ്പാകെയാണ് കേസ് പരിഗണിച്ചുവരുന്നത്.
No comments:
Post a Comment