Latest News

കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചു

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോകുന്നത് തടയാന്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ക്ക് മോഷ്ടാക്കള്‍ക്ക് പുല്ലുവില. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി കോഴിക്കോട്ടെത്തിയ നാലുയാത്രക്കാര്‍ക്ക് സാധനങ്ങളും പണവും നഷ്ടമായി.[www.malabarflash.com]

എയര്‍ ഇന്ത്യയെ തിരഞ്ഞുപിടിച്ച് മോഷണം നടത്തിയിരുന്ന മോഷ്ടാക്കള്‍ മറ്റ് വിമാനകമ്പനികളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇത്തവണ മോഷണത്തിനിരയായവരില്‍ രണ്ടുപേര്‍ സ്‌പൈസ്‌ജെറ്റ് വിമാനത്തിലെത്തിയവരാണ്. മുംബൈയില്‍നിന്ന് ആഭ്യന്തര വിമാനത്തിലെത്തിയ യാത്രക്കാരനും പണം നഷ്ടമായി.

എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്റെ ഐ.എക്‌സ്-344 ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയുടെ ഐ.ഫോണാണ് മോഷണം പോയത്. ബാഗേജിന്റെ സിബ്ബ് പൊളിച്ചാണ് ഐ. ഫോണ്‍ മോഷ്ടിച്ചിരിക്കുന്നത്. 

സ്‌പൈസ് ജറ്റിന്റെ ദുബൈ വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരുടെ ബാഗുകളാണ് കീറിയ നിലയില്‍ കണ്ടെത്തിയത്. നഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിനിടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ മുംബൈ യാത്രക്കാരന്റെ ബാഗേജില്‍ സൂക്ഷിച്ച പണം കാണാതായത്. ട്രോളി ബാഗിന്റെ അറയില്‍ സൂക്ഷിച്ച 2000 രൂപയാണ് നഷ്ടമായത്.

ദുബൈയില്‍നിന്നാണ് സാധനങ്ങള്‍ കാണാതാവുന്നതെന്ന് ആവര്‍ത്തിക്കുന്ന അധികൃതരുടെ വായടപ്പിക്കുന്നതാണ് പുതിയ സംഭവങ്ങള്‍. വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ അസ്വഭാവികമായി ഒന്നും കണാനാവാത്തതും അധികൃതരെ കുഴയ്ക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.