Latest News

കൊണ്ടോട്ടി നഗരസഭാധ്യക്ഷ തിരഞ്ഞടുക്കപ്പെട്ട് ഒന്നര മണിക്കൂറിനുള്ളില്‍ രാജി നല്‍കി

കൊണ്ടോട്ടി: നഗരസഭയിലെ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ.യുടെ ഒറ്റ വോട്ടിന് വിജയിച്ച മതേതര മുന്നണിയുടെ സ്ഥാനാര്‍ഥി സത്യപ്രതിജ്ഞചെയ്ത് ഒന്നര മണിക്കൂറിനകം രാജിവെച്ചു.[www.malabarflash.com] 

സി.പി.എം. സ്വതന്ത്രയായി എന്‍.എച്ച്. കോളനിയില്‍നിന്ന് ജയിച്ച പറമ്പീരി ഗീതയാണ് നഗരസഭാധ്യക്ഷയായി സ്ഥാനമേറ്റെടുത്തയുടന്‍ രാജിവെച്ചത്.

ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ മതേതരമുന്നണിയുടെ ആയിഷാബി യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. അസ്മാബിയെ പരാജയപ്പെടുത്തി. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഗീതയ്ക്ക് 20 വോട്ടും യു.ഡി.എഫില്‍ മുസ്ലിംലീഗിന് വേണ്ടി മത്സരിച്ച കെ.സി. ഷീബയ്ക്ക് 19 വോട്ടും ലഭിച്ചു. മതേതര മുന്നണിയുടെ ഒരു വോട്ട് അസാധുവായി. 

ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെതടക്കം 21 വോട്ടുകള്‍ ആയിഷാബിക്കും 19 വോട്ടുകള്‍ അസ്മാബിക്കും ലഭിച്ചു.

ഇരു വിഭാഗവും ജയപ്രതീക്ഷ പുലര്‍ത്തിയിരുന്നതിനാല്‍ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 11 മണിക്ക് നിശ്ചയിച്ച തിരഞ്ഞെടുപ്പിന് 10 മണിക്ക് തന്നെ മുഴുവന്‍ അംഗങ്ങളും ഹാളിലെത്തിയിരുന്നു. വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഇരുമുന്നണികള്‍ക്കും ഫലം അപ്രതീക്ഷിതമായി. 

ബാലറ്റ് പേപ്പറിന് പിന്നില്‍ ഒപ്പ് രേഖപ്പെടുത്താത്തതിനാല്‍ സി.പി.എം. സ്വതന്ത്രന്‍ പുലാശ്ശേരി മുസ്തഫയുടെ വോട്ട് അസാധുവായത് ലീഗ് ക്യാമ്പില്‍ ആഹ്ലാദം പരത്തി.

എസ്.ഡി.പി.ഐ.യുടെ പിന്തുണയോടെയാണ് ജയമെന്നറിഞ്ഞതോടെ മതേതരമുന്നണി ക്യാമ്പില്‍ വലിയ ആഹ്ലാദപ്രകടനമൊന്നുമുണ്ടായില്ല. പന്ത്രണ്ടരയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പറമ്പീരി ഗീത 1.45-ഓടെ രാജിക്കത്ത് സെക്രട്ടറിക്ക് നല്‍കി.

ഉച്ചയ്ക്കുശേഷം നടന്ന ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ അട്ടിമറികളൊന്നുമുണ്ടായില്ല. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കാന്‍ അധ്യക്ഷനില്ലാത്തിനാല്‍ ആയിഷാബിയുടെ സത്യപ്രതിജ്ഞ നടന്നില്ല. നഗരസഭാധ്യക്ഷന്റെ അഭാവത്തിലുള്ള ഉപാധ്യക്ഷയുടെ സത്യപ്രതിജ്ഞയുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് അവ്യക്തത ഉടലെടുത്തതാണ് കാരണം.

മതേതരമുന്നണിയിലെ ധാരണപ്രകാരം സി.കെ. നാടിക്കുട്ടിയും കൂനയില്‍ നഫീസയും രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.