Latest News

കൊതിപ്പിക്കുന്ന വിലയില്‍ മൈലേജ് കൂട്ടി മാരുതിയുടെ പുത്തന്‍ സ്വിഫ്റ്റ്

മാരുതി സുസുക്കി നിരയില്‍ ആള്‍ട്ടോയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ മോഡലാണ് സ്വിഫ്റ്റ്. ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അല്‍പം മിനുക്ക്പണികളോടെ പുതുതലമുറ സ്വിഫ്റ്റ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ചു.[www.malabarflash.com]

4.99 ലക്ഷം രൂപ മുതല്‍ 8.29 ലക്ഷം രൂപ വരെയാണ് പുതിയ സ്വിഫ്റ്റിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. പെട്രോളില്‍ LXI, VXI, VXI (AGS), ZXI, ZXI (AGS), ZXI + എന്നീ വകഭേദങ്ങളിലും ഡീസലില്‍ LDI, VDI, VDI (AGS), ZDI, ZDI (AGS), ZDI+ എന്നീ പതിപ്പുകളിലും 2018 സ്വിഫ്റ്റ് ലഭ്യമാകും.
രൂപത്തില്‍ വാഹനത്തിന്റെ മുന്‍വശത്താണ് പ്രധാനമായും മാറ്റങ്ങള്‍. ഹെക്‌സഗണല്‍ ഫ്ലോട്ടിങ് ഗ്രില്ല്, പുതിയ എല്‍ഇഡി ഹെഡ് ലാമ്പ്-ഫോഗ് ലാമ്പ് എന്നിവ മുന്‍ഭാഗത്തെ രൂപം അകെമൊത്തം മാറ്റും. ഫ്ലോട്ടിങ് റൂഫ് വാഹനത്തിന് ക്ലാസിക് സ്റ്റൈല്‍ നല്‍കുന്നു. പുതിയ ടെയില്‍ ലാപും ഗ്ലാസുമാണ് പിന്‍ഭാഗത്ത്. 

പുതുക്കിപ്പണിത ഡാഷ്‌ബോര്‍ഡ്, ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, ഇന്‍സ്ട്രുമെന്റ് പാനല്‍ സെന്റര്‍ കണ്‍സോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തിന് പുതുമയേകും.
നീളത്തിലും വീതിയിലും പഴയ മോഡലിനെക്കാള്‍ അല്‍പം മുന്നിലാണ് പുതിയ സ്വിഫ്റ്റ്. 3840 എംഎം നീളം, 1735 എംഎം വീതി, 1530 എംഎം ഉയരവും വാഹനത്തിനുണ്ട്. 

കഴിഞ്ഞ മോഡലിനെക്കാള്‍ ഏഴ് ശതമാനം ഇന്ധനക്ഷമത കൂടുതല്‍ ലഭിക്കും. പെട്രോളില്‍ 22 കിലോമീറ്ററും ഡീസലില്‍ 28.4 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. 268 ലിറ്ററാണ് ബുട്ട് സ്‌പേസ് കപ്പാസിറ്റി.
സുസുക്കിയുടെ ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ സ്വിഫ്റ്റിന്റെയും നിര്‍മാണം. ഈ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്‌ഫോം വഴി വാഹനത്തിന്റെ ഭാരം ഏകദേശം 100 കിലോഗ്രാം കുറയ്ക്കാന്‍ സാധിക്കും. 

നേരത്തെയുള്ളതിനെക്കാള്‍ 20 എംഎം വീല്‍ബേസ് കൂടുതലുണ്ട് സ്വിഫ്റ്റിന്. ഇതുവഴി അകത്തളത്തില്‍ കൂടുതല്‍ സ്‌പേസ് ലഭിക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 81 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കും നല്‍കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.