Latest News

ഇന്ത്യന്‍ ജനതയെ അടിച്ചുകൊല്ലാന്‍ പോപുലര്‍ ഫ്രണ്ട് അനുവദിക്കില്ല: നാസറുദ്ദീന്‍ എളമരം

കാസര്‍കോട്: ഇന്ത്യന്‍ ജനതയെ അടിച്ചുകൊല്ലാന്‍ സംഘപരിവാരത്തെ പോപുലര്‍ ഫ്രണ്ട് അനുവദിക്കില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു.[www.malabarflash.com]

സംഘപരിവാര ഫാഷിസം സര്‍വ്വസീമകളും ലംഘിച്ചു ജനാധിപത്യത്തെ കാര്‍ന്നു തിന്നാന്‍ ശ്രമിക്കുമ്പോള്‍ ജനാധിപത്യത്തിന് കാവലിരിക്കാന്‍ പൗരന്മാര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഡേയോട് അനുബന്ധിച്ച് കാസര്‍കോട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂല്യത്തകര്‍ച്ച നേരിടുന്ന ജുഡീഷ്യറിയെ രക്ഷിക്കാന്‍ ജഡ്ജിമാര്‍ക് കോടതിക്ക് പുറത്തിറങ്ങേണ്ടി വന്ന ദാരുണമായ സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. രൂപീകരിച്ചു നൂറുവര്‍ഷം തികയുമ്പോള്‍ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയാണ് സംഘപരിവാരം. രാജ്യത്തെ സകല അഴിമതികളിലും സംഘപരിവാരത്തിന് മുഖ്യപങ്കുണ്ട്. പഞ്ചാബ് നാഷനല്‍ ബാങ്കിലെ കോടികളുടെ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണം.
ആര്‍എസ്എസ് എന്ന അപകടം തിരിച്ചറിഞ്ഞ് രണ്ടര പതിറ്റാണ്ടിലധികമായി ഫാഷിസത്തോട് സന്ധിയില്ലാസമരം ചെയ്യുന്നു എന്നതിനാലാണ് പോപുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കന്‍ ശ്രമം നടക്കുന്നത്. ഹിന്ദുത്വത്തിന്റെ അടയാളങ്ങളെ കടമെടുത്ത് ഫാഷിസത്തെ തടയാനാവില്ല. മൗനികളാവാതെ ജനകീയ പ്രതിരോധം ശക്തമാക്കുകയാണ് വേണ്ടത്. ഇടതു മതേതരചേരികള്‍ നടത്തുന്ന തൂക്കമൊപ്പിക്കലിന്റെ ഗുണം ലഭിക്കുന്നത് എന്നും ഫാഷിസത്തിനാണ്.
പ്രതിരോധം ഭരണ ഘടന നല്‍കുന്ന അവകാശമാണ്. പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് കരുതണ്ട. ഫാഷിസത്തിനെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പോപുലര്‍ ഫ്രണ്ടിന്റെ കരങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാന്‍ ജനങ്ങള്‍ തയ്യാറാവണം. പശുവിന്റെ പേരിലും പ്രണയത്തിന്റെ പേരിലും ആളുകളെ കൊല്ലുന്ന ഫാഷിസ്റ്റ് പ്രവണത അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈകീട്ട് 4.30ന് ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നാരംഭിച്ച യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. 

സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്, സംസ്ഥാന കമ്മിറ്റി അംഗം എം വി റഷീദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി എം നസീര്‍, ജില്ലാ പ്രസിഡന്റുമാരായ വൈ മുഹമ്മദ്, കെ കെ കബീര്‍, ഹാരിസ് സി എ, പി ടി സിദ്ദീഖ്, വി കെ നൗഫല്‍ നേതൃത്വം നല്‍കി.
സമാപനസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ. കെ അബ്ദുല്‍ മജീദ് ഖാസിമി വിഷയാവതരണം നടത്തി.ദേശിയ സമിതി അംഗങ്ങളായ പി എന്‍ മുഹമ്മദ് റോഷന്‍, കെ സാദത്ത്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ടി. അബ്ദുറഹ്മാന്‍ ബാഖവി, നാഷനല്‍ വുമണ്‍സ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കവിത എ കെ, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് രിഫ സംബന്ധിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം വി റഷീദ് സ്വാഗതവും കാസര്‍കോട് ജില്ലാപ്രസിഡന്റ് വൈ മുഹമ്മദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.