കാസര്‍കോട്: പഴയചൂരി മദ്രസാ അധ്യാപകനായിരുന്ന മടിക്കേരി സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിമുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സംസ്ഥാന സര്‍ക്കാരും അന്വേഷണ ഉദ്യോഗസ്ഥരും അടക്കം ഒമ്പത് പേരെ എതിര്‍കക്ഷികളാക്കി കോടതിയില്‍ റിയാസ് മൗലവിയുടെ ഭാര്യയുടെ ഹരജി.[www.malabarflash.com]
പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് റിയാസ് മൗലവിയുടെ ഭാര്യ മടിക്കേരി ഹൊഡാബായിലെ എം.ഇ സൈദ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു.
പ്രതികള്‍ക്കു പുറമെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയും പോലീസ് സംഘത്തെയും സംസ്ഥാന സര്‍ക്കാരിനെയും ഹരജിയില്‍ എതിര്‍കക്ഷികളായി ചേര്‍ക്കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. വ്യാഴാഴ്ച കേസ് പരിഗണിക്കും.
റിയാസ് മൗലവിയോട് പ്രതികള്‍ക്ക് വ്യക്തിപരമായി വിരോധമൊന്നും ഉണ്ടായിരുന്നില്ല. ഒരു വിഭാഗത്തെ ഭീതിയിലാഴ്ത്താന്‍ വേണ്ടി തികച്ചും ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നും യുഎപിഎ ചുമത്തേണ്ടത് അനിവാര്യമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഒരു വിഭാഗത്തോട് വെറുപ്പും വിദ്വേഷവും വെച്ച് പ്രതികള്‍ നിരവധി കുറ്റകൃത്യങ്ങളാണ് നടത്തിയത്. കൊലനടന്ന ദിവസം ഈ വിഭാഗത്തില്‍പ്പെട്ട ആരെയെങ്കിലും അപായപ്പെടുത്താന്‍ വേണ്ടി അന്വേഷിച്ചു നടന്ന പ്രതികള്‍ പലയിടത്തും പോയെന്നും തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്താനാണ് ഇവര്‍ക്ക് അവസരം കിട്ടിയതെന്നും ഇത് ഭീകരപ്രവര്‍ത്തനം തന്നെയാണെന്നിരിക്കെ അന്വേഷണ സംഘം യുഎപിഎ ചുമത്താത്തത് ദുരൂഹമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.
2017 മാര്‍ച്ച് 20ന് രാത്രിയാണ് ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. ഈ സംഭവത്തില്‍ കേളുഗുഡ്ഡെ അയ്യപ്പ നഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), മാത്തേയിലെ നിഥിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ.എസ് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണ നടപടി ക്രമങ്ങള്‍ കോടതിയില്‍ ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment