Latest News

ഷുഹൈബ് വധം: കാര്‍ കണ്ടെത്തി, എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയുടെ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു സിപിഎം പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

എടയന്നൂർ തെരൂർ പാലയോട് തയ്യുള്ളതിൽ പുതിയപുരയിൽ ടി.കെ.അസ്കർ (26), മൂട്ടിൽ ഹൗസിൽ കെ.അഖിൽ (23), എസ്എഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്റെ സഹോദരൻ തില്ലങ്കേരി ആലയാട് പുതിയപുരയിൽ കെ.പി.അൻവർ സാദത്ത് (23) എന്നിവരാണ് അറസ്റ്റിലായത്.

കൊലയാളി സംഘത്തിന്റെ വാഹനം ഓടിച്ചത് അസ്കറാണെന്നും മറ്റു രണ്ടുപേർ വാഹനങ്ങൾ ഏർപ്പാടാക്കാനും വിവരങ്ങൾ കൈമാറാനും സഹായം ചെയ്തു കൊടുത്തവരാണെന്നും പോലീസ് അറിയിച്ചു. 

അക്രമികൾ ഉപയോഗിച്ച കാർ ശനിയാഴ്ച വൈകിട്ട് പാപ്പിനിശ്ശേരി അരോളിയിലെ വീട്ടിൽ നിന്നു പോലീസ് കണ്ടെടുത്തു. കാർ വാടകയ്ക്ക് കൊടുക്കുന്ന ഈ വീട്ടിൽ നിന്ന് അഖിലാണ് വെള്ള വാഗൺ ആർ കാർ വാടകയ്ക്കെടുത്തത്. 14നു രാവിലെ കാർ തിരിച്ചേൽപിച്ചു.

12ന് അർധരാത്രിയാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. ആയുധങ്ങളെപ്പറ്റിയും അറസ്റ്റിലായവരിൽ നിന്നു വ്യക്തമായ വിവരം ലഭിച്ചതായി സൂചനയുണ്ട്. ഇതോടെ, കേസിൽ അഞ്ചു പ്രതികൾ അറസ്റ്റിലായി. അഞ്ചുപേരും സിപിഎമ്മുകാരാണ്. 

കർണാടകയിൽ വിരാജ്പേട്ടയിൽ നിന്ന് ഇന്നലെ പുലർച്ചെ മട്ടന്നൂർ സിഐ എ.വി.ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷം രാത്രി ഏഴരയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അഞ്ചംഗ കൊലയാളി സംഘത്തിലെ മറ്റു രണ്ടു പേരെക്കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിലുൾപ്പെട്ട ദീപു എന്നയാൾക്ക് സംഭവത്തിൽ പരുക്കേറ്റതായും സൂചനയുണ്ട്. ശനിയാഴ്ച  പിടിയിലായ മൂന്നുപേരും പല വഴികളിലൂടെയാണു വിരാജ്പേട്ടയിലെത്തിയതെന്നും ടൗണിലെ ലോഡ്ജിനു സമീപത്തു നിൽക്കുമ്പോഴാണു പിടികൂടിയതെന്നും പോലീസ് അറിയിച്ചു. 

കൊലപാതകത്തിനു ശേഷം ഇവർ മറ്റു പലയിടത്തേക്കും യാത്ര ചെയ്തിരുന്നുവെന്നും നാട്ടിലെ സുഹൃത്തുക്കൾ വഴി പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നും വിവരമുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോൺകോളുകൾ നിരീക്ഷിച്ചതിലൂടെയാണു പ്രതികളുടെ നീക്കങ്ങൾ പോലീസ് മനസ്സിലാക്കിയതെന്നാണു സൂചന. ഒരാഴ്ചയായി കേരള പോലീസ് സംഘം കുടക് മേഖലയിലുണ്ടായിരുന്നു.

ഇതിനിടെ, പ്രതികളിലൊരാൾ ബെംഗളൂരുവിലേക്കും പോയിരുന്നു. പോലീസ് പിന്തുടരുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് ഇയാളും വിരാജ്പേട്ടയിലെത്തുകയായിരുന്നു. കുടകിലെ പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ പ്രതികൾ, എവിടേക്കു പോകുമെന്ന ആശയക്കുഴപ്പത്തിനിടെയാണു പിടിയിലായതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. 

മറ്റു രണ്ടു പേരെക്കൂടി വിരാജ്പേട്ടയിൽ നിന്നു കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ നേരത്തേ അറസ്റ്റിലായ എം.വി.ആകാശ്, രജിൻരാജ് എന്നിവരെ ചോദ്യം ചെയ്യാനായി 28 വരെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സുധാകരൻ നടത്തുന്ന നിരാഹാര സത്യഗ്രഹം ഏഴാം ദിവസത്തിലേക്കു കടന്നു. അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരുടെയും ചില മാധ്യമപ്രവർത്തകരുടെയും തന്റെയും ഫോൺ പോലീസ് ചോർത്തുന്നതായി കെ.സുധാകരൻ ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തുന്നതായി കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ഡിജിപിക്കും ഉത്തരമേഖലാ എഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.

കെ.സുധാകരന്റെ ആരോഗ്യനില കൂടുതൽ മോശമായതായും ആശുപത്രിയിലേക്ക് ഉടൻ മാറ്റണമെന്നും ഡിഎംഒ റിപ്പോർട്ട് നൽകി. കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരം നൽകണമെന്നു ഷുഹൈബിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.