Latest News

ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയിലെ അവസാനത്തെ പേരാകട്ടെ...മുഖ്യമന്ത്രിയ്ക്ക് ഷുഹൈബിന്റെ സഹോദരിയുടെ തുറന്ന കത്ത്

കണ്ണൂര്‍: ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയിലെ അവസാനത്തെ പേരാകട്ടെ മുഖ്യമന്ത്രി പിണറായി വിജയന് ഷുഹൈബിന്റെ സഹോദരി സുമയ്യ അയച്ച കത്തിലെ വാക്കുകളാണ്.[www.malabarflash.com]

ഷുഹൈബ് മരിച്ച് പത്താം ദിവസമാണ് സഹോദരി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഞങ്ങളുടെ ഇക്ക അവസാനത്തെ ഇരയായിരിക്കട്ടെയെന്നും കണ്ണൂരിലെ അക്രമരാഷ്ട്രീയം തുടച്ചു നീക്കപ്പെടട്ടെയെന്നുമാണ് കത്തിന്റെ സാരം. 

തപാല്‍ മാര്‍ഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച കത്തില്‍ കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കാന്‍ അപേക്ഷയും മുന്നോട്ടുവെക്കുന്നു. കുടുംബത്തിലെ ഏക അത്താണിയിയാരുന്ന സഹോദരന്‍ മരിച്ചതോടെ ഈ കുടുംബം പെരുവഴിയിലാണ്.

കത്തിന്റെ പൂര്‍ണരൂപം


ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
നന്നായി എഴുതാനൊന്നും ഞങ്ങള്‍ക്കറിയില്ല. സങ്കടം മാത്രമാണു കുറച്ചു ദിവസമായി എനിക്കും ഇത്താത്തമാര്‍ക്കും ഉപ്പാക്കും ഉമ്മാക്കും ഈ വീട്ടിലേക്കു വരുന്നവര്‍ക്കുമെല്ലാം. ഷുഹൈബ്ക്ക ഞങ്ങള്‍ക്കു വലിയ തുണയായിരുന്നു. കൂട്ടായിരുന്നു. ഞങ്ങള്‍ക്കു പോലും അറിയാത്ത ഒരുപാടു പേര്‍ക്കു താങ്ങും തണലുമായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇക്കയുടെ വേര്‍പാട് അറിഞ്ഞതു മുതല്‍ ഇങ്ങോട്ടെത്തുന്നവര്‍ അതു സാക്ഷ്യപ്പെടുത്തി. ഇക്ക ഇനി നമ്മുടെ കൂടെ ഇല്ല എന്നു വിശ്വസിക്കാന്‍ ഇന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ആയിട്ടില്ല. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ?

ഇനി ആരും മരിക്കരുത്. ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങള്‍ക്കു വേണ്ടി, ഞങ്ങളെപ്പോലെ ഒരുപാടു കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്കു നല്‍കാമോ?

എന്ന് സുമയ്യ.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.