Latest News

മദ്രസയിലേക്ക് പോവുകയായിരുന്ന ഒന്‍പതുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: വധശിക്ഷ ഹൈകോടതി ശരിവച്ചു

കൊച്ചി: നിലമ്പൂരിൽ ഒൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി നെല്ലിക്കുത്ത് പാമ്പോത്ത് അബ്‌ദുൽനാസറിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. പൊതുസമൂഹത്തിനും നീതിപീഠത്തിനും ഞെട്ടലുളവാക്കുന്ന അതിക്രൂരമായ കുറ്റകൃത്യമാണിതെന്നു വിലയിരുത്തിയാണു കോടതി നടപടി.[www.malabarflash.com]

മഞ്ചേരി സെഷൻസ് കോടതിയുടെ 2013 ജൂലൈ 31ലെ വധശിക്ഷാ ഉത്തരവിനെതിരെ പ്രതി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പെൺകുട്ടിയുടെ കൂട്ടുകാരിയുടെ പിതാവാണു പ്രതി. 

പിതാവിനെപ്പോലെ പെരുമാറുമെന്നു പ്രതീക്ഷിച്ച വ്യക്തിയിൽനിന്നാണു ക്രൂരമായ നടപടിയുണ്ടായതെന്നു കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ ഗൗരവം വർധിപ്പിക്കുന്ന സാഹചര്യങ്ങളാണുള്ളത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വധശിക്ഷ നൽകാൻ അർഹമായ കേസാണിതെന്നും ജസ്റ്റിസ് എ.എം.ഷഫീഖ്, ജസ്റ്റിസ് പി.സോമരാജൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

2012 ഏപ്രിൽ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ മദ്രസയിലേക്കു പോകുമ്പോൾ കൂട്ടുകാരിയെ തിരക്കിയാണ് ഒൻപതുകാരി പ്രതിയുടെ വീട്ടിലെത്തിയത്. നാൽപത്തഞ്ചുകാരനായ പ്രതി, കുട്ടിയെ വീടിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറയുമെന്നു കരുതി കഴുത്തിൽ ഷാൾ മുറുക്കിയും മൂക്കും വായും പൊത്തിപ്പിടിച്ചും ശ്വാസംമുട്ടിച്ചു കുട്ടിയെ കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്.

സ്വന്തം മകളുടെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതു മനുഷ്യത്വരഹിതവും പൈശാചികവുമാണെന്നു വിലയിരുത്തിയായിരുന്നു സെഷൻസ് കോടതി വിധി. ക്രൂരതയുടെ സ്വഭാവം നോക്കിയാൽ അത്യപൂർവങ്ങളിൽ അപൂർവമെന്നും കണ്ടെത്തി. പീഡനക്കുറ്റത്തിനു പ്രത്യേകം ശിക്ഷ നൽകിയെങ്കിലും വധശിക്ഷയുടെ സാഹചര്യത്തിൽ അത് അപ്രസക്തമായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.