കാഞ്ഞങ്ങാട്: വിനായക തിയേറ്റര്‍ കോംപ്ലക്‌സിലെ ജീവനക്കാരന്‍ കുശാല്‍നഗര്‍ ആവിയിലെ അശോകന്‍ എന്ന മണി(48)യുടെ മൃതദേഹം തിയേറ്ററിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തി.[www.malabarflash.com]
കഴിഞ്ഞ 30 വര്‍ഷമായി വിനായക തിയേറ്ററില്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന ജീവനക്കാരനായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മണിയെ കാണാനില്ലായിരുന്നു.
മേല്‍പ്പറമ്പ് സ്വദേശിനിയായ ഭാര്യ രാജേശ്വരിയോട് പാലക്കുന്ന് ഭരണി മഹോത്സവം കാണാനായി വീട്ടിലേക്ക് പോകാനാവശ്യപ്പെടുകയും വൈകിട്ട് താന്‍ എത്തുമെന്നും അറിയിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ സമയം ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
അന്ന് ടാക്കീസില്‍ റിലീസായ ഇര എന്ന സിനിമ കണ്ട് ഇറങ്ങിയതായിരുന്നു. പിന്നീട് മണിയെ ആരും കണ്ടിട്ടില്ല. പിറ്റേ ദിവസവും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ചൊവ്വാഴ്ച രാവിലെ രൂക്ഷഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് തിയേറ്റര്‍ ജീവനക്കാരും പരിസരവാസികളും തിരച്ചില്‍ നടത്തിയപ്പോഴാണ് ടാക്കീസ് വളപ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
ഹൊസ്ദുര്‍ഗ് എസ്‌ഐ സന്തോഷ്‌കുമാര്‍, ഫയര്‍ഫോഴ്‌സ് അഡീഷണല്‍ സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍. എല്‍ എസ് മനോജ്കുമാര്‍, ജ്യോതികുമാര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ യദുകൃഷ്ണന്‍, ഡ്രൈവര്‍ ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
മക്കള്‍: പ്രമോദ് (പത്താംതരം വിദ്യാര്‍ത്ഥി മേല്‍പ്പറമ്പ്), ചൈത്ര (എട്ടാംതരം വിദ്യാര്‍ത്ഥിനി ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍).
സഹോദരങ്ങള്‍: ഉദയന്‍, നിത്യാനന്ദന്‍, ഗംഗാധരന്‍, ഗോപാലകൃഷ്ണന്‍, ഉഷ രാവണേശ്വരം, ഗണേശന്‍, ശിവന്‍ (ഇരുവരും ഗള്‍ഫ്), പ്രഭാകരന്‍, വിട്ടല്‍, ഭാനുമതി, കുമ്പ, ആനന്ദ്, നാഗവേണി.
No comments:
Post a Comment