Latest News

അരീക്കോട് മാധ്യമ പ്രവര്‍ത്തകനെ പോലീസ് ലോക്കപ്പിലിട്ട് മര്‍ദ്ധിച്ചു

അരീക്കോട്: സുപ്രഭാതം അരീക്കോട് ലേഖകന്‍ എന്‍.സി ഷെരീഫ് കിഴിശ്ശേരിയെ ലോക്കപ്പിലടച്ച് പോലീസ് മര്‍ദിച്ചു. ഗെയില്‍ സമരവുമായി ബന്ധപ്പെട്ട വാര്‍ത്ത എടുക്കാന്‍ ചെന്നതായിരുന്നു.[www.malabarflash.com]

ഗെയില്‍ വാതക പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് കൊണ്ട് കാവനൂര്‍ പഞ്ചായത്തിലെ ചെങ്ങറയില്‍ ഗെയില്‍ ഇരകള്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ പോലീസ് പ്രദേശത്തുണ്ടായിരുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തിരുന്നു. ഈ വാര്‍ത്ത എടുക്കാന്‍ അരീക്കോട് പോലീസ് സ്റ്റേഷനിലെത്തിയ എന്‍.സി ഷെരീഫ് പോലീസ് നീക്കം ചെയ്ത ബോര്‍ഡ് മൊബൈലില്‍ പകര്‍ത്തുന്നതിനിടെ ഫോട്ടോ എടുക്കാന്‍ നീ ആരടാ എന്ന് ആക്രോശിച്ച് തട്ടിക്കയറുകയായിരുന്നു.

ഈ സമയം സുപ്രഭാതത്തിന്റെ ഐ.ഡി കാര്‍ഡ് കാണിച്ചെങ്കിലും കോളറിന് പിടിച്ച് പോലീസ് വലിച്ചുകൊണ്ടുപോയി ലോക്കപ്പിലേക്ക് തള്ളുകയായിരുന്നു. ലോക്കപ്പിന്റെ വാതിലിന് മുന്നില്‍ വീണ ഷെരീഫിനെ പോലീസുകാര്‍ വീണ്ടും ലോക്കപ്പിലേക്ക് തള്ളി. ഈ സമയം ചില പോലീസുകാര്‍ വിട്ടയക്കാന്‍ പറഞ്ഞെങ്കിലും സ്റ്റേഷനിലെ ഗ്രില്‍ അടച്ചു പൂട്ടി വീണ്ടും മര്‍ദിക്കുകയായിരുന്നു.

ലോക്കപ്പില്‍ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ നീ പോലീസിനെ നാണം കെടുത്തി വാര്‍ത്ത നല്‍കിയില്ലേ?. നിന്നെ എന്ത് ചെയ്യണമെന്ന് അറിയാമെന്ന് പറഞ്ഞായിരുന്നു പോലീസിന്റെ മര്‍ദനം. ഈ സമയം ചന്ദ്രിക ലേഖകന്‍ അഡ്വ.പി.സാദിഖലി, ഏഷ്യാനെറ്റ് സ്ട്രിങര്‍ ജലൂദ്, ടീം വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഉമറലി ശിഹാബ്, മീഡിയ പ്ലസ് ചാനല്‍ റിപ്പോര്‍ട്ടര്‍ കെ.ടി ബക്കര്‍ എന്നിവര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസിനെതിരെ വാര്‍ത്ത നല്‍കാനുള്ള പൂതി തീര്‍ത്ത് തരാമെന്നും എന്‍.സി ഷെരീഫിനെ എന്ത് ചെയ്യണമെന്ന് അറിയാമെന്നുമായിരുന്നു പ്രതികരണം.

ഒരു മണിക്കൂറിന് ശേഷമാണ് പോലീസ് സുപ്രഭാതം ലേഖകനെ വിട്ടയച്ചത്. ഷെരീഫ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. മുമ്പ് മയക്കുമരുന്ന് കേസിലെ പ്രതി ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തിലും ഗെയില്‍ സമരവുമായി ബന്ധപ്പെട്ട പോലീസ് അതിക്രമത്തിലും സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതാണ് പോലീസിനെ ചൊടിപ്പിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.