Latest News

ഖാദര്‍ വധം; ഒരുവര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു, പ്രതിപ്പട്ടികയില്‍ ഭാര്യയും,

തളിപ്പറമ്പ്: ബക്കളത്തെ മോട്ടന്റകത്ത് അബ്ദുള്‍ഖാദര്‍ വധക്കേസില്‍ ഭാര്യ വായാട്ടെ കെ.ഷെരീഫ(38)യും പ്രതിയായി. കേസില്‍ ഒന്‍പതുപേരെ നേരത്തേ പ്രതിചേര്‍ത്തിരുന്നു. പത്താമതാണ് ഷെരീഫ.[www.malabarflash.com] 

കൊലക്കേസില്‍ ഭാര്യ കൂടി പങ്കാളിയാണെന്ന് ചൂണ്ടിക്കാണിച്ച് ഖാദറിന്റെ ഉമ്മ ബക്കളത്തെ മോട്ടന്റകത്ത് ആയിഷ നടത്തിയ പോരാട്ടത്തിന്റെ ഫലംകൂടിയാണിത്.

ഖാദര്‍ വധക്കേസിലെ കുറ്റപത്രം പോലീസ് പയ്യന്നൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു. 2017 ജനുവരി 25-ന് പുലര്‍ച്ചെയാണ് വായാട്ടെ റോഡരികില്‍ അബ്ദുള്‍ഖാദറെ മരിച്ചനിലയില്‍ കാണ്ടത്. വാഹനത്തിലെത്തിയ ഒരു സംഘം ബക്കളത്തെ വീടിനു സമീപത്തുനിന്ന് ഖാദറെ പിടിച്ചുകെട്ടി വാഹനത്തില്‍ കയറ്റി അടിച്ചുകൊന്നുവെന്നാണ് കേസ്. ഓടിച്ചിട്ടായിരുന്നു പിടിച്ചുകെട്ടിയത്. ശബ്ദം കേട്ട് പരിസരവാസികള്‍ എഴുന്നേറ്റപ്പോള്‍ കള്ളനാണെന്നുപറഞ്ഞ് അകറ്റിനിര്‍ത്തി. ഖാദറെയുംകൊണ്ട് കാരക്കുണ്ട് പാറക്കുളത്തേക്ക് പോയ പ്രതികള്‍ അവിടെവെച്ചും മര്‍ദിച്ചുവെന്ന് പോലീസ് പറഞ്ഞു. ഒടുവില്‍ കൈകാലുകള്‍ തല്ലിയൊടിച്ച് വായാട് റോഡരികില്‍ കൊണ്ടിടുകയായിരുന്നു.

ഖാദര്‍ ചില മോഷണക്കേസുകളില്‍ പ്രതിയായിരുന്നു. വാഹനങ്ങള്‍ക്ക് കേടുവരുത്തിയും മറ്റുമായി നാട്ടിലെ ചിലരോട് ശത്രുതയിലുമായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് റിപ്പോര്‍ട്ടിലുണ്ട്. 

കെ.സി.നൗഷാദ്, കെ.ശിഹാബുദീന്‍, സി.ടി.മുഹാസ്, സിറാജ്, എം.അബ്ദുള്ളക്കുട്ടി, ടി.കെ.റഷീദ്, മാടാളന്‍ വള്ളിയോട്ട് അബ്ദുള്‍ലത്തീഫ്, കെ.സി.നവാസ്, കെ.സി.മനാഫ് എന്നിവരായിരുന്നു നേരത്തെയുള്ള പ്രതികള്‍. അബ്ദുള്‍ലത്തീഫ് (കോരന്‍പീടിക), കെ.സി.നവാസ് എന്നിവര്‍ ഗള്‍ഫിലാണുള്ളത്. ഇവരെ അറസ്റ്റുചെയ്യാനായിട്ടില്ല. 

ഖാദറെ പ്രതികള്‍ പിടിച്ചുകെട്ടുന്നതുള്‍പ്പെടെ അറിഞ്ഞിട്ടും ഭാര്യ തടയാന്‍ ശ്രമിച്ചില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയത്. ഷെരീഫയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് മാതാവ് ആയിഷ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. കൂടാതെ ജനസമ്പര്‍ക്ക പരിപാടിയുലുള്‍പ്പെടുത്തി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. 

സി.ഐ. കെ.ഇ പ്രേമചന്ദ്രനായിരുന്നു കേസ് അന്വേഷിച്ച് ആദ്യം പ്രതികളെ അറസ്റ്റുചെയ്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ.സുധാകരനാണ് ഇപ്പോള്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.