Latest News

മുഖ്യമന്ത്രിക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.[www.malabarflash.com]

ഭീഷണിപ്പെടുത്തിയയാളെ പോലീസ് ചോദ്യം ചെയ്തുവരുന്നതായാണ് സൂചന. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു.

സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളി എത്തിയത്.

അദ്ദേഹം ഉടന്‍ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാനെയും അറിയിച്ചു. തുടര്‍ന്ന് അടിയന്തര അന്വേഷണത്തിന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.

പോലീസ് ഹൈടെക് സെല്ലിന്റെ അന്വേഷണത്തില്‍ വിളിയെത്തിയത് കണ്ണൂരില്‍നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ ശനിയാഴ്ചതന്നെ പിടികൂടിയതായാണ് വിവരം. സന്ദേശമെത്തുമ്പോള്‍ മുഖ്യമന്ത്രി ചെന്നൈയില്‍ ആസ്​പത്രിയിലായിരുന്നു.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉടന്‍ തമിഴ്‌നാട് ക്യൂബ്രാഞ്ച് പോലീസ് അപ്പോളോ ആസ്​പത്രിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി.

ശനിയാഴ്ചതന്നെ തിരുവനന്തപുരം എ.കെ.ജി. സെന്ററിനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിനും സുരക്ഷ കര്‍ശനമാക്കി. ഞായറാഴ്ച രാവിലെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.

ഭീഷണിസന്ദേശം ലഭിച്ചെന്നും പോലീസ് ഗൗരവത്തോടെ അന്വേഷിച്ചുവരികയാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.