Latest News

ചെക്കും മുദ്രപ്പത്രവും നല്കി സ്വര്‍ണാഭരണത്തട്ടിപ്പ്: ഒന്‍പതു ജ്വല്ലറികള്‍ക്ക് നഷ്ടപ്പെട്ടത്‌ ഒരു കോടിയോളം രൂപ

മലപ്പുറം: ചെക്കും മുദ്രപ്പത്രവും ഈടായി നല്‍കി ജ്വല്ലറികളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങി തട്ടിപ്പു നടത്തുന്ന സംഘം വിലസുന്നു. മലപ്പുറം ജില്ലയിലെ വിവിധ പട്ടണങ്ങളിലെ ഒന്‍പതു ജൂവലറികള്‍ക്കായി നഷ്ടപ്പെട്ടത് ഒരു കോടിയോളം രൂപ. വനിതകളടക്കമുള്ള ആറംഗസംഘം നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് അന്വേഷണമാരംഭിച്ചു.[www.malabarflash.com]

എടപ്പാള്‍, കുറ്റിപ്പുറം, ചങ്ങരംകുളം, വളാഞ്ചേരി, കോട്ടയ്ക്കല്‍, പുത്തനത്താണി തുടങ്ങി വിവിധ പട്ടണങ്ങളിലെ ജ്വല്ലറികളിലാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ സമാനരീതിയില്‍ തട്ടിപ്പ് നടന്നത്.

എടപ്പാളിലെ രണ്ടു ജ്വല്ലറികളില്‍നിന്നായി 16 ലക്ഷത്തിന്റെ ആഭരണങ്ങളാണ് സംഘം കൈക്കലാക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ പുരുഷനും അധ്യാപികയെന്ന് പരിചയപ്പെടുത്തിയ സ്ത്രീയുമാണ് തട്ടിപ്പ് നടത്തിയത്. വളാഞ്ചേരിക്കാരനായ ഒരാളാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് ജ്വല്ലറി ഉടമകള്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരം.

ആദ്യം ജ്വല്ലറിയിലെത്തി കുറച്ച് സ്വര്‍ണമെടുത്ത് ചെക്കും രേഖകളും നല്‍കി പറഞ്ഞ തീയതിക്കകം പണം നല്‍കി ജൂവലറിക്കാരുമായി ചങ്ങാത്തത്തിലാവുകയും അവരുടെ വിശ്വാസ്യത നേടിയെടുക്കുകയുമാണ് ചെയ്യുന്നത്. മകളുടെ വിവാഹത്തിനാണെന്നും മറ്റും പറഞ്ഞാണ് ഇവര്‍ ആഭരണങ്ങള്‍ എടുക്കുന്നത്. കുറച്ചു ദിവസത്തിനുശേഷം വീണ്ടുമെത്തി കൂടുതല്‍ തുകയ്ക്കുള്ള ആഭരണമെടുത്തശേഷം രേഖകള്‍നല്‍കി മുങ്ങും. വിളിച്ചാല്‍ കിട്ടാതാവുകയും ചെക്കുകള്‍ പണമില്ലാതെ മടങ്ങുകയും ചെയ്യുമ്പോഴാണ് കബളിക്കപ്പെട്ട വിവരം ഉടമകള്‍ അറിയുന്നത്.

സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങള്‍ എല്ലാ ജ്വല്ലറികളിലും ഇതേ വ്യക്തികളുടേതാണെന്ന് കടയുടമകള്‍ക്ക് വ്യക്തമായതോടെയാണ് ആസൂത്രിതമായ തട്ടിപ്പാണെന്ന് മനസ്സിലായത്. പാലക്കാട്ടുള്ള ഒരു സേട്ടുവിനാണ് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ വിലകുറച്ച് ഇവര്‍ വില്‍ക്കുന്നതെന്നാണ് സൂചന.

പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതോടെ ഒരു ജ്വല്ലറി ഉടമ കാലടിയിലുള്ള ഇടനിലക്കാരനെ തട്ടിക്കൊണ്ടുപോയി പണം ഈടാക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിട്ടില്ല. പോലീസില്‍ പരാതിനല്‍കാതെ രഹസ്യമായി പണം തിരിച്ചുകിട്ടാനുള്ള ശ്രമത്തിലാണ് പല ജ്വല്ലറിക്കാരും. കേസായാല്‍ പിന്നെ പണം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് പരാതിനല്‍കുന്നതില്‍നിന്ന് ഇവരെ അകറ്റുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.