Latest News

പ്രിയപ്പെട്ട വീട്ടുഡ്രൈവറുടെ മകള്‍ക്ക് വിവാഹ സമ്മാനങ്ങളുമായി അവരെത്തി

മലപ്പുറം: സ്ഥാനമാനങ്ങള്‍ നോക്കാതെ മനുഷ്യരെ സ്‌നേഹിക്കുന്ന യുഎഇ സ്വദേശികളുടെ സുമനസിന് ഉദാഹരണമായി ദുബൈയിലെ ഒരു സംഘം യുവാക്കള്‍ കേരളത്തിലെത്തി. മലപ്പുറം കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട്ട് വീട്ടിലെ കല്യാണ വീടായിരുന്നു സംഘത്തിന്റെ ലക്ഷ്യം.[www.malabarflash.com] 

തങ്ങളുടെ പ്രിയപ്പെട്ട വീട്ടു ഡ്രൈവര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകളുടെ കല്യാണത്തിന് ആശംസകള്‍ നേരുകയും വീട്ടുകാരുടെ സന്തോഷത്തില്‍ പങ്കുകെള്ളുകയും ചെയ്താണ് സംഘത്തിന്റെ മടക്കം. അറബികളുടെ സാന്നിധ്യത്തിലൂടെ മൊയ്തീന്‍ കുഞ്ഞി നാട്ടില്‍ താരവുമായി.
26 വര്‍ഷമായി ദുബൈ മുഹൈസിന ഒന്നിലെ സ്വദേശിയായ അബ്ദുര്‍റഹ്മാന്‍ ഉബൈദ് അബു അല്‍ ഷുവാര്‍ബി െ വീട്ടിലെ ഡ്രൈവറാണ് മൊയ്തീന്‍ കുഞ്ഞി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജോലിക്കാരനാണ് മൊയ്തീന്‍. അബ്ദുറഹ്മാന്റെ മകനും ഏഴു കൂട്ടുകാരുമാണ് മൊയ്തീന്‍ കുഞ്ഞിയുമായി കുടുംബത്തിനുള്ള ആത്മബന്ധത്തിന്റെ ആഴം അറിയിച്ചുകൊണ്ട് കേരളത്തിലെത്തിയത്. മംഗളദിനത്തിന്റെ സന്തോഷത്തില്‍ പങ്കാളികളാകാനും വധുവാരന്മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും അവര്‍ പരസ്പരം മത്സരിച്ചു.
അബ്ദുര്‍റഹ്മാന്‍ ഉബൈദിന്റെ ഭവനത്തില്‍ പാചകക്കാരനായിട്ടായിരുന്നു മൊയ്തീന്‍ കുഞ്ഞി ജോലിയില്‍ പ്രവേശിച്ചത്. 26 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലൈസന്‍സ് നേടി ഡ്രൈവറായത്. 

അബ്ദുര്‍റഹ്മാന്‍ ഉബൈദിന്റെ മജ്ലിസില്‍ എത്തുന്ന അതിഥികളെ സ്വീകരിക്കുകയും അവര്‍ക്കുള്ള ഭക്ഷണവും മറ്റും നല്‍കുന്നതുമെല്ലാം ഇദ്ദേഹമായിരുന്നു. മജ്‌ലിസ് എന്നറിയപ്പെടുന്ന സ്വീകരണ മുറിയില്‍ സ്‌പോണ്‌സറുടെ മകന്റെ കൂട്ടുകാരും പതിവായി എത്താറുണ്ടായിരുന്നു. യുഎഇയിലെ വിവിധ ഗവണ്മെന്റ് ഓഫീസുകളില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് ഇവര്‍. അവരുമായും നല്ല ആത്മബന്ധമാണ് മൊയ്തീന്‍ കുഞ്ഞിക്ക്. 

തനിക്കും കുടുംബത്തിന് ഏറെ സഹായം ചെയ്യുന്നവരാണ് ഇവരെന്ന് മൊയ്തീന്‍ കുഞ്ഞി പറയുന്നു. കല്യാണത്തില്‍ പങ്കെടുത്ത അതിഥികള്‍ വിവിധ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് യുഎഇയിലേക്ക് മടങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.