Latest News

റിയാസ് മൗലവി വധത്തിന്​ ഒരു വർഷം; നീതി​കാത്ത്​ കുടുംബവും നാടും

കാസര്‍കോട്: മാര്‍ച്ച് 20, കാസര്‍കോടിന്റെ ഹൃദയം പിളര്‍ന്ന ദിനമായിരുന്നു. പളളിക്കകത്തെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മദ്രസ്സ അധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തിയതിന് ഒരുവര്‍ഷം തികയുന്നു.[www.malabarflash.com]

കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങിയെങ്കിലും പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജിയില്‍ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്.
മാര്‍ച്ച് 20ന് പുലര്‍ച്ചയാണ് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ പള്ളിക്കകത്തുെവച്ച് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. 

കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് പ്രതികള്‍. പള്ളിയോടടുത്ത മുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തി വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിലുണ്ടെങ്കിലും പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ല.
കേസില്‍ ഗൂഢാലോചനയുണ്ടെന്ന വാദം പോലീസ് മുഖവിലക്കെടുത്തില്ല. മദ്യലഹരിയിലുണ്ടായ കൊലപാതകമെന്നാണ് പോലീസ് വാദം. എട്ടു മാസംമുമ്പാണ് കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്.
പള്ളിയോട് അനുബന്ധിച്ചുള്ള രണ്ട് മുറിയില്‍ ഒരു മുറിയിലാണ് റിയാസ് മൗലവി കിടന്നിരുന്നത്. മൗലവിയുടെ മുറിയിലേക്ക് ഇടിച്ചുകയറിച്ചെന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ജില്ല സെഷന്‍സ് കോടതി തള്ളിയിരുന്നു. ഈ മാസം അഞ്ചിന് തുടങ്ങാനിരുന്ന വിചാരണ ഹൈകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് മൗലവിയുടെ ഭാര്യ ഹൈകോടതിയില്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.
പളളിയിലെ ഖത്തീബാണ് സംഭവത്തിലെ പ്രധാന സാക്ഷി. ഐ.പി.സി 302 (കൊലപാതകം), 153A (മതസൗഹാര്‍ദം തകര്‍ക്കാന്‍ വര്‍ഗീയ കലാപമുണ്ടാക്കല്‍), 295 (കുറ്റകൃത്യം ചെയ്യാനുദ്ദേശിച്ച് മതസ്ഥാപനങ്ങളിലേക്ക് അതിക്രമിച്ചുകടക്കല്‍), 34 (അക്രമിക്കാന്‍ സംഘടിക്കല്‍), 201 (തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവെക്കല്‍) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.