Latest News

ഓട്ടോ മറിഞ്ഞ് രണ്ടു പ്ലസ്ടു വിദ്യാർഥികൾ മരിച്ചു

മേലുകാവ്: പരീക്ഷ കഴിഞ്ഞ് അവധി ആഘോഷിക്കാൻ പുറപ്പെട്ട ഏഴംഗ വിദ്യാർഥി സംഘം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മതിലിലിടിച്ചു മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു പേർക്കു ഗുരുതരമായി പരുക്കേറ്റു.[www.malabarflash.com]

പൂമാല മംഗലമുടയ്ക്കൽ രവിയുടെ മകൻ അലൻ (18), കോളപ്ര കുടയത്തൂർ കീലത്ത് സാബുവിന്റെ മകൻ ആനന്ദ് (17) എന്നിവരാണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന മുട്ടം കുന്നുങ്കൽ ഹരീഷ് (18), മേലുകാവുമറ്റം വട്ടമറ്റത്തിൽ സെബിൻ മാത്യു (18), മുട്ടം പുള്ളോലിൽ ജോസ് പി. ബിനോയി (17), കൂട്ടാർ മുള്ളൻകുഴിയിൽ എം.കെ. രാഹുൽ (17) വണ്ടൻമേട് പള്ളിത്താഴത്ത് രഞ്ചിൽ പി. ചന്ദ്രൻ (17) എന്നിവർക്കാണ് പരുക്കേറ്റത്.

ചൊവ്വാഴ്ച പന്ത്രണ്ടരയോടെ മേലുകാവ് ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം ദീപ്തി ജംക്‌ഷനിലാണ് അപകടം. ഇതിൽ രഞ്ചിൽ, രാഹുൽ, അലൻ എന്നിവർ ഒഴികെയുള്ളവർ തൊടുപുഴ മുട്ടം ഐഎച്ച്ആർഡിയിൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥികളാണ്. പരീക്ഷയ്ക്കുശേഷം ചൊവ്വാഴ്ച ഒത്തുകൂടിയ സുഹൃത്തുക്കൾ ഭരണങ്ങാനത്തേക്കു പോകുമ്പോഴാണ് അപകടം.

കാഞ്ഞിരംകവലയിൽ നിന്ന് ഇറക്കം ഇറങ്ങി വന്ന ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ആനന്ദ് സംഭവസ്ഥലത്തു തന്നെ മരിച്ചു‌. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അലനും മരിച്ചു. ഹരീഷ് ഒഴികെയുള്ളവരുടെ പരുക്കു ഗുരുതരമാണ്. എല്ലാവർക്കും തലയിലാണ് പരുക്ക്. പരുക്കേറ്റ രഞ്ചിലിനെ കോട്ടയം മെഡിക്കൽ‌ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു.

അറക്കുളം കുരുതിക്കുളത്ത് ഓട്ടോ ഡ്രൈവർ രവിയുടേയുംതൊടുപുഴ നഗരസഭയിലെ താൽക്കാലിക ജീവനക്കാരി ലനിതയുടേയും ഏക മകനാണ് അലൻ. പൂമാല ഗവ. ട്രൈബൽ സ്കൂൾ വിദ്യാർഥിയാണ്.

മഞ്ജുവാണ് ആനന്ദിന്റെ മാതാവ്. ഇവർ മടക്കത്താനത്ത് എത്തി താമസം തുടങ്ങിയിട്ട് ഒരു മാസമെ ആയുള്ളൂ. ഓട്ടോ ഡ്രൈവറായിരുന്ന സാബു, ഓട്ടോ മറിഞ്ഞ് പരുക്കേറ്റു കിടപ്പിലാണ്. പിതാവ് കിടപ്പിലായതിനെ തുടർന്നാണ് ആനന്ദും കുടുംബവും കഴിഞ്ഞ മാസം മടക്കത്താനത്തു വാടകവീട്ടിലേക്കു താമസം മാറ്റിയത്. അരവിന്ദ് ആണ് ആനന്ദിന്റെ സഹോദരൻ. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.