ഉദുമ: കൂറ്റന്‍ മത്സ്യത്തിന് മുകളില്‍ ഇരുന്ന് പുസ്തകം വായിക്കുന്ന വിദ്യാര്‍ത്ഥികള്‍, പൂമ്പാറ്റയോടൊപ്പം നൃത്തം ചവിട്ടുന്ന കുട്ടികള്‍, മരചില്ലയില്‍ ഇരിക്കുന്ന പക്ഷികള്‍, കൂറ്റന്‍ ആമ, മാന്‍ എന്നിവയുടെ ചിത്രങ്ങള്‍ തങ്ങള്‍ പഠിക്കുന്ന സ്‌കൂളിന്റെ മതിലില്‍ നിറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വിസ്മയ കാഴ്ചയായി.[www.malabarflash.com]
ലോകസമാധാനത്തിന്റെ മഹത്തായ സന്ദേശം മുഴുവന്‍ ജനങ്ങളിലും എത്തിക്കുക എന്ന ജൂനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണലിന്റെ പരിപാടിയുടെ ഭാഗമായി ജെ.സി.ഐ പാലക്കുന്നാണ് ഉദുമ ഗവ. എല്‍.പി സ്‌കൂള്‍ മതിലില്‍ സമാധാന സന്ദേശത്തിന്റെ ചിത്രമെഴുത്ത് നടത്തിയത്.
'സമാധാനം സാധ്യമാണ് 'എന്ന പരിപാടിയുടെ ഭാഗമായി സ്‌കൂളിന്റെ മുന്‍വശത്തെ നൂറ് മീറ്ററോളം നീളം വരുന്ന മതിലിലാണ് സമാധാനത്തിന്റെ സന്ദേശം പകരുന്ന ചിത്രരചന നടത്തിയത് .
കേരള ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ചിത്ര പുരസ്‌കാര ജേതാവ് സചീന്ദ്രന്‍ കാറഡുക്ക, കേരള ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവ് വിനോദ് അമ്പലത്തറ, യുവ ചിത്രകാരന്‍ വിപിന്‍ പാലോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചിത്രരചന നടത്തുന്നത്. ചിത്രരചന വ്യാഴാഴ്ച പൂര്‍ത്തിയാകും.
ചിത്രരചനയുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും ശില്‍ പ്പിയുമായ മോഹനചന്ദ്രന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു. ജെ.സി.ഐ. പാലക്കുന്ന് പ്രസിഡണ്ട് റഹ് മാന്‍ പൊയ്യയില്‍ അധ്യക്ഷത വഹിച്ചു. പ്രോ ഗ്രാം ഡയറക്ടര്‍ അശോകന്‍ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് മധു കൊക്കാല്‍, ഹെഡ്മിസ്ട്രസ് ടി.കെ. പത്മാവതി, ജെ.സി.ഐ പാലക്കുന്ന് ജോ. സെക്രട്ടറി രജീഷ് പ്രസംഗിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന സമാപന സമ്മേളനം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ബേക്കല്‍ എ.ഇ.ഒ. കെ. ശ്രീധരന്‍ വിശിഷ്ടാതിഥിയായിരിക്കും. ജെ.സി.ഐ. മേഖലാ ഭാരവാഹികള്‍ ആശംസകള്‍ നേരും.
നിരവധി കലാകാരന്‍മാരുടെ നേതൃത്വത്തിലുള്ള ഗാന-കാവ്യാലാപാനങ്ങള്‍, വാദ്യസംഗീതം തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരിക്കും .
No comments:
Post a Comment