Latest News

മലയാളി വിദ്യാർഥിനിയുടെ വിജയം; ഒരാൾക്കു വേണ്ടി വീണ്ടും സിബിഎസ്ഇ പരീക്ഷ

കൊച്ചി: സിബിഎസ്ഇ പത്താം ക്ലാസ് കണക്കു പരീക്ഷ ഒരു കുട്ടിക്കു വേണ്ടി വീണ്ടും നടത്താൻ ഹൈക്കോടതി ഉത്തരവ്. മൂല്യനിർണയം പൂർത്തിയാകും മുൻപു പ്രശ്നം പരിഹരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.[www.malabarflash.com]

കോട്ടയം സ്വദേശിനിയായ 10–ാം ക്ലാസ് വിദ്യാർഥി അമിയ സലീം നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർദേശം. അമീയയ്ക്കു കണക്ക് പരീക്ഷയ്ക്കു ലഭിച്ചത് 2016ലെ ചോദ്യപേപ്പറായിരുന്നു.

പരീക്ഷയ്ക്കു ശേഷം മറ്റുകുട്ടികളുമായി ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണു മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ അമീയ സലിം ചോദ്യപേപ്പർ മാറിയെന്നു തിരിച്ചറിഞ്ഞത്. 2016ല്‍ സഹോദരന്‍ അല്‍ത്താഫ് സലിം എഴുതിയ പരീക്ഷയുടെ അതേ ചോദ്യപേപ്പറാണ് ഈ വര്‍ഷം അമീയയ്ക്കു ലഭിച്ചത്. വടവാതൂര്‍ നവോദയ സെന്ററിലാണ് അമീയ പരീക്ഷ എഴുതിയത്. 

ചോദ്യപേപ്പർ മാറിയ കാര്യം പിന്നീട് സ്കൂൾ അധികൃതരെ അറിയിച്ചു. സ്കൂൾ മാനേജ്മെന്റ് സിബിഎസ്ഇയുടെ തിരുവനന്തപുരം മേഖലാകേന്ദ്രത്തില്‍ പരാതി നല്‍കിയെങ്കിലും മറുപടിയോ നടപടിയോ ഉണ്ടായില്ല. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.

കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അമിയ പ്രതികരിച്ചു. ഉയർന്ന മാർക്കു വാങ്ങി സിബിഎസ്ഇക്കു മറുപടി നൽകും. േകസിൽ അനുകൂല വിധിയുണ്ടാകുമെന്നു പ്രതീക്ഷയുണ്ടായിരുന്നതായും അമിയ വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.