Latest News

മലയാളി ബാലതാരങ്ങളുടെ ചിത്രങ്ങളുമായി അശ്ലീല പോസ്റ്റ്; ഫേസ്ബുക്ക് പേജ് ഉടമകള്‍ കുടുങ്ങും

മലപ്പുറം : മലയാള ചലച്ചിത്ര മേഖലയിലെ ബാലതാരങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും വോട്ടിങ് നടത്തുകയും ചെയ്ത ഫേസ്ബുക്ക് പേജിന്റെ ഉടമകളെ കുടുക്കാന്‍ പോലീസ് അന്വേഷണം തുടങ്ങി.[www.malabarflash.com] 

മൂന്ന് ജില്ലകളിലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ബാലതാരങ്ങളുടെ മൊഴിയെടുത്ത് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ശിപാര്‍ശയോടെ പോലീസിന് കൈമാറി.

താരങ്ങളുടെ പേജിലും വിവിധ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വീഡിയോകളുമാണ് അശ്ലീല ചുവയോടെ പേജില്‍ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളഡക്കം നിരവധിപ്പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. പോലീസ് നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് മുന്‍പ് നിര്‍ജീവമായ 'പീഡോഫീലിയ' ഫേസ്ബുക്ക് പേജുകളും വെബ്‌സൈറ്റുകളും മറ്റുപേരുകളില്‍ തിരിച്ചെത്തിയതിന്റെ സൂചനയാണ് പുതിയ സംഭവം.

പ്രമുഖ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പേജിലുണ്ട്. ഏതാനും മാസം മുന്‍പ് പോലീസ് ഇടപെട്ട് പൂട്ടിയ ഫേസ്ബുക്ക് പേജുകളെ കുറിച്ചുള്ള ചര്‍ച്ചകളും പേജില്‍ നടന്നിട്ടുണ്ട്. തെക്കന്‍ ജില്ലകളിലൊന്നിലെ ചൈല്‍ഡ്‌ലൈനില്‍ ലഭിച്ച രഹസ്യ വിവരം അനുസരിച്ച് പ്രാഥമികാന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല ചുവയോടെ ഉപയോഗിച്ചതായി കണ്ടെത്തിയത്. ബാലതാരത്തിന്റെ മൊഴിരേഖപ്പെടുത്തിയ ശേഷം മറ്റ് ജില്ലകളിലും പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ താരത്തിന്റെ മൊഴിയെടുത്തു.

മൂന്ന് പോലീസ് സ്‌റ്റേഷനുകളിലാണ് കേസ് കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ ബാലതാരങ്ങളുടെ മൊഴിയെടുക്കുന്നതോടെ കൂടുതല്‍ സ്‌റ്റേഷനകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.