Latest News

രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍

കളമശ്ശേരി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനു സമീപമുള്ള ഇക്ര ജുമാ മസ്ജിദിന്റെ വരാന്തയില്‍ രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞെത്തിയ കളമശ്ശരി പോലീസ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗത്തിലേക്ക് മാറ്റി.[www.malabarflash.com]

ജുമാ മസ്ജിദില്‍ സുബഹി നിസ്‌കരിക്കാന്‍ എത്തിയവര്‍ നിസ്‌കരിച്ചു കൊണ്ടിരിക്കവെയാണ് പള്ളി വരാന്തയില്‍ ആരോ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. നിസ്‌കാരം തുടങ്ങിയ 5.22-ന് കുഞ്ഞ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പള്ളിയിലെത്തിയവര്‍ പറഞ്ഞു. സുബഹി നടന്നുകൊണ്ടിരിക്കെ എത്തിയ ആളാണ് പളളിവരാന്തയില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്. സ്ത്രീകള്‍ക്കും നിസ്‌കരിക്കാവുന്ന ജുമ മസ്ജിദാണിത്.

പള്ളിയില്‍ കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട വിവരം ലഭിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി പോലീസ് മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റിലേക്ക് വിവരം കൈമാറി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ഉടനെതന്നെ പള്ളിയിലെത്തി.

അപ്പോഴേക്കും മെഡിക്കല്‍ കോളേജിലെ രോഗികളുടെ കൂട്ടിരുപ്പുകാരും മറ്റും കുഞ്ഞിനെ കാണാനായി പള്ളിയില്‍ എത്തിയിരുന്നു. പോലീസിന്റെ നിര്‍ദേശമനുസരിച്ച് അവരിലൊരാളായ ഒക്കല്‍ സ്വദേശി മാര്‍ട്ടിന്റെ ഭാര്യ മേരി കുഞ്ഞിനെ എടുക്കുകയും തൊട്ടടുത്ത കടയില്‍ നിന്ന് അല്‍പ്പം പാലുവാങ്ങി കൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗത്തിലെത്തിച്ചത്.

കുഞ്ഞിനെ പുതിയ സോക്‌സ്, ഉടുപ്പ്, പാന്റ്‌സ് എന്നിവ ധരിപ്പിച്ചിട്ടുണ്ടായിരുന്നു. നാലര കിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്നും എന്തെങ്കിലും തരത്തിലുള്ള ആന്തരിക ക്ഷതമോ മറ്റോ ഏറ്റിട്ടുണ്ടോയെന്നറിയാന്‍ 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നും മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം അറിയിച്ചു. വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിക്ക് കൈമാറിയെന്നും തുടര്‍ന്ന് ഇതില്‍ തീരുമാനമെടുക്കേണ്ടത് അവരാണെന്നും കളമശ്ശേരി പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.