Latest News

കഞ്ചാവ് വിൽപന ചോദ്യം ചെയ്ത യുവാവ് തലയ്ക്കടിയേറ്റു മരിച്ചു

കോട്ടയം: കഞ്ചാവ് ഉപയോഗിക്കുന്നതു ചോദ്യം ചെയ്ത യുവാവിനെ കമ്പിവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൈലാടിക്കര പാറയ്ക്കൽ പി.ടി.തോമസാണ് (ഉല്ലാസ്–34) അടിയേറ്റു മരിച്ചത്.[www.malabarflash.com] 

സംഭവത്തിൽ മൈലാടിക്കര തുമ്പോളി തെക്കേൽ അജേഷിനെ (29) പോലീസ് അറസ്റ്റ് ചെയ്തു. മൈലാടിക്കര തുമ്പോളി ഭാഗത്ത് അജേഷ് തനിച്ചു താമസിക്കുന്ന വീട്ടിൽ ശനിയാഴ്ച രണ്ടിനായിരുന്നു സംഭവം.

അജേഷിന്റെ വീട്ടിലേക്ക് ഉച്ചയ്ക്ക് അപരിചിതനായ ഒരാൾ പോകുന്നതു വഴിയരികിൽ കൂട്ടുകാരുമായി വർത്തമാനം പറഞ്ഞു നിൽക്കെ ഉല്ലാസ് കണ്ടിരുന്നു. അജേഷിനു കഞ്ചാവ് നൽകാനാണ് ഇയാൾ പോയതെന്നു സംശയം തോന്നിയ ഉല്ലാസ് കൂടെയുണ്ടായിരുന്ന റോബിനെയും കൂട്ടി അജേഷിന്റെ വീട്ടിലെത്തി.

അജേഷും ഉല്ലാസുമായി ഇതേച്ചൊല്ലി തർക്കമുണ്ടായെന്നു റോബിൻ പറയുന്നു. തിരിച്ചുപോയ ഉല്ലാസ് വേറെ മൂന്നു കൂട്ടുകാരെയും കൂട്ടി വീണ്ടും അജേഷിന്റെ വീട്ടിലെത്തി കഞ്ചാവ് വിൽപനയ്ക്കെതിരെ സംസാരിച്ചു. ഇതിനിടെ അജേഷ് കമ്പിവടിയെടുത്തെന്നും തലയുടെ പിന്നിൽ അടിയേറ്റ ഉല്ലാസ് ബോധംകെട്ടു വീണെന്നും പൊലീസ് പറയുന്നു. കൂട്ടുകാർ ഉല്ലാസിനെ പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഉല്ലാസിനു തടിപ്പണിയാണ് ജോലി. അഭിഭാഷക ഓഫിസിൽ ക്ലാർക്കായ അഞ്ജുവാണ് ഭാര്യ. മക്കൾ: അസിൻ, അൻസ്, അസ്ന. 

ഉല്ലാസ് മരിച്ച കാര്യം അറിയാതെ അജേഷും ഇതേ ആശുപത്രിയിൽ ചികിൽസ തേടിയെത്തി. അജേഷിനെ കണ്ട ഉല്ലാസിന്റെ സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.

പാമ്പാടി സിഐ യു.ശ്രീജിത്ത്, എസ്ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി അജേഷിനെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, എസ്ഐ മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.