Latest News

  

ആശുപത്രിയില്‍ നിന്നും കാണാതായ ഷംനയെ കണ്ടെത്തി; വൈദ്യപരിശോധന കഴിഞ്ഞപ്പോള്‍ ഗര്‍ഭമില്ല

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ പ്രസവമുറിയിൽ നിന്നു മൂന്നു ദിവസം മുൻപു കാണാതായ യുവതിയെ കരുനാഗപ്പള്ളിയിൽ കണ്ടെത്തിയതിനു പിന്നാലെ സംഭവത്തിൽ വൻ വഴിത്തിരിവ്.[www.malabarflash.com]

കരുനാഗപ്പള്ളിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ യുവതി ഗർഭിണിയല്ലെന്നു തിരിച്ചറിഞ്ഞു. മൂന്നു ദിവസമായി യുവതിയെ തിരഞ്ഞ് നെട്ടോട്ടമോടിയ പോലീസിനെയും നാട്ടുകാരെയും അമ്പരപ്പിക്കുന്നതായി കണ്ടെത്തൽ. 

യുവതി നഗരത്തിലൂടെ അലഞ്ഞു നടക്കുന്നതു ശ്രദ്ധയിൽപെട്ട ടാക്‌സി ഡ്രൈവർമാരാണ് ഇന്നു വൈകിട്ട് പോലീസിനെ വിവരം അറിയിച്ചത്.

ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണു യുവതിയെ കാണാതായതെന്നു ബന്ധുക്കൾ ആരോപിച്ചതോടെ സംഭവം ചൂടുപിടിച്ചു. യുവതി ഗർഭിണിയായി അഭിനയിച്ചതെന്തിനെന്നും വീട്ടുകാരെ ഉപേക്ഷിച്ചു പോയതെന്തിനാണെന്നും ഇപ്പോഴും വ്യക്തമല്ല. ഭർത്താവും കുടുംബവും എന്തുകൊണ്ട് ഇക്കാര്യം മറച്ചുവച്ചു എന്നതടക്കം അന്വേഷണം തുടരുകയാണ്. 

കരുനാഗപ്പള്ളിയിലെ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷനിൽ ടാക്‌സി ഡ്രൈവർമാർ തിരിച്ചറിഞ്ഞ യുവതിയെ കരുനാഗപ്പള്ളി പോലീസിന് കൈമാറുകയായിരുന്നു. തീർത്തും അവശയായിരുന്ന യുവതിയെ സിഐ കെ രാജേഷ് കുമാർ, എസ്‌ഐ ഉമറുൽ ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. സീമയുടെ പരിശോധനയിൽ യുവതി ഗർഭിണിയല്ലെന്ന് തെളിയുകയായിരുന്നു.

തുടർന്ന് യുവതിയുടെ കുടുംബത്തെ വിവരമറിയിച്ച കരുനാഗപ്പള്ളി പോലീസ് മെഡിക്കൽ കോളജ് ക്രൈം ഡിപ്പാർട്ട്‌മെന്റിന് യുവതിയെ കൈമാറുകയും ചെയ്തു. പിതാവിനെ കണ്ടതോടെ യുവതി പൊട്ടിക്കരഞ്ഞെന്നും പോലീസിനോട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും വിവരങ്ങളുണ്ട്. 

ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം ചൊവ്വാഴ്ച 10:30ന് എസ്.എ.ടി ആശുപത്രിയിലെത്തിയ മടവൂർ സ്വദേശിയായ യുവതി ഡോക്ടറെ കണ്ട് വരാമെന്ന് പറഞ്ഞ് ആശുപത്രിക്കകത്ത് പോവുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞും കാണാതായതോടെ സുരക്ഷാ ജീവിനക്കാരടങ്ങുന്ന സംഘം തിരച്ചിൽ നടത്തി. ആശുപത്രി അരിച്ചുപെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ആശുപത്രിയിൽ നിന്നും കാണാതാവുമ്പോൾ സാരി ധരിച്ചിരുന്ന യുവതിയെ കരുനാഗപ്പള്ളിയിൽ വച്ച് പർദ്ദ ധരിച്ചാണ് കാണപ്പെട്ടത്.

കരുനാഗപ്പള്ളിയിൽ ഏറെ നേരം അലഞ്ഞുതിരിഞ്ഞ നടന്ന ഇവരെ കണ്ടതോടെ ടാക്‌സി ഡ്രൈവർക്ക് സംശയം തോന്നുകയായിരുന്നു. ഉടൻ തന്നെ ഹോംഗാർഡിനെ വിളിച്ച് അറിയിക്കുകയായിരുന്നു. മൊബൈലിൽ ലഭിച്ച ഫോട്ടോയിൽ നിന്നും കാണാതായ പെൺകുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. 

ശാരീരികമായി തളർന്ന അവസ്ഥയിലായതിനാൽ കൂടുതൽ ചോദ്യം ചെയ്യൽ സാധിക്കാത്തതിനെ തുടർന്ന് ഷംനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത്‌വന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.