Latest News

ഉയരം കുറഞ്ഞ സംവിധായകന്‍; റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ഗിന്നസ് പക്രു

കൊച്ചി: ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്നു റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ഗിന്നസ് പക്രു . 2013-ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും എന്ന സിനിമ സംവിധാനം ചെയ്തതാണു മൂന്നു റെക്കോര്‍ഡുകള്‍ക്കു പക്രുവിനെ അര്‍ഹനാക്കിയത്.[www.malabarflash.com]

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് എന്നിവ ശനിയാഴ്ച ഒരേ വേദിയില്‍ വച്ചുതന്നെയാണ് ഗിന്നസ് പക്രു ഏറ്റുവാങ്ങിയത്.

എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കലാമണ്ഡലം ഹേമലതയും യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഡോ. സുനില്‍ ജോസഫും ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് ടോളിയും സമ്മാനിച്ചു.

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് ആറു മാസം മുമ്പേ പ്രഖ്യാപിച്ചിരുന്നു. മറ്റു രണ്ടു റെക്കോര്‍ഡുകളുടെ പ്രഖ്യാപനം അടുത്ത ദിവസമാണു നടന്നത്. വിനയന്റെ അദ്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പക്രു നേരത്തെ സ്വന്തമാക്കിയിരുന്നു.

ജീവിതത്തില്‍ ഇനിയും മുന്നേറാനുള്ള പ്രചോദനമായി ഈ റെക്കോര്‍ഡുകള്‍ മാറുമെന്നു ഗിന്നസ് പക്രു പറഞ്ഞു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഇളയരാജയിലൂടെ വീണ്ടും നായകനാകാനുള്ള തയാറെടുപ്പിലാണു ഗിന്നസ് പക്രു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.