Latest News

രാജ്യത്ത് കറന്‍സി ക്ഷാമം; കര്‍ണ്ണാടകയില്‍ കുത്തൊഴുക്ക്, പിടിച്ചെടുത്തത് 41.3 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളില്‍ 500, 2000 നോട്ടുകള്‍ ഇല്ലാതെയായിട്ടു ദിവസങ്ങളായി. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണ്ണാടകയില്‍ നോട്ടുകളുടെ കുത്തൊഴുക്ക് തുടരുകയാണ്. 41.3 കോടി രൂപയാണ് ഇതിനോടകം കര്‍ണ്ണാടകയില്‍ നിന്ന് പിടിച്ചെടുത്തത്.[www.malabarflash.com]

പിടിച്ചെടുത്തവയില്‍ 97 ശതമാനവും 2000, 500 രൂപയുടേയും നോട്ടുകളാണ്. നോട്ടുകള്‍ക്ക് പുറമെ 1.32 കോടി രൂപ വില മതിക്കുന്ന 4.52 കിലോ സ്വര്‍ണവും ആദായ നികുതി വകുപ്പിന്റെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കര്‍ണാടകയില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ കണക്കുകളാണ് അന്വേഷണ സംഘം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ബെംഗളൂരുവില്‍ നിന്നാണ്. 2.47 കോടി രൂപ. തൊട്ടുപിന്നില്‍ ബെല്ലാരി – 55 ലക്ഷം. മേയ് 12നാണ് കര്‍ണ്ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി കര്‍ണ്ണാടക, ഗോവ എന്നി സംസ്ഥാനങ്ങളില്‍ വ്യാപക പരിശോധനകളാണ് അന്വേഷണ സംഘം നടത്തി വരുന്നത്.

വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കണക്കില്ലാത്ത 16.5 ലക്ഷം രൂപയുമായി വിമാനത്താവളത്തില്‍ നിന്ന് ഒരാള്‍ പിടിയിലായിരുന്നു. തുടര്‍ന്നു മുംബൈയില്‍ നടത്തിയ അന്വേഷണത്തില്‍ 37 ലക്ഷം രൂപ കൂടി കണ്ടെത്തിയതായും നികുതി വകുപ്പ് അറിയിച്ചു.തിരഞ്ഞെടുപ്പിനു വിതരണം ചെയ്യാനായി മൈസുരുവിലെത്തിച്ച 9.51 കോടി രൂപയുടെ വീട്ടുപകരണങ്ങളും നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

തിരഞ്ഞെടുപ്പു സംബന്ധിയായ പരാതികള്‍ പരിഹരിക്കുന്നതിനായി ബെംഗളൂരുവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.