Latest News

ആസിഡ്‌ ആക്രമണത്തില്‍ പൊള്ളലേറ്റയാള്‍ മരിച്ചു

മലപ്പുറം: ആസിഡ്‌ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍(52) ആണ്‌ ഞായറാഴ്‌ച അര്‍ധരാത്രി 12.15 ഓടെ മരിച്ചത്‌.[www.malabarflash.com]

വെള്ളിയാഴ്‌ച അര്‍ധരാത്രിയാണ്‌ കേസിനാസ്‌പദമായ സംഭവം. മലപ്പുറം മുണ്ടുപറമ്പിലെ വാടകവീട്ടില്‍ ഭാര്യ സുബൈദക്ക്‌ ഒപ്പം കിടന്നുറങ്ങുകയായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക്‌ അക്രമികള്‍ ആസിഡ്‌ ഒഴിക്കുകയായിരുന്നു. വീടിന്റെ വാതില്‍ തുറുന്നിട്ടായിരുന്നു കിടന്നുറങ്ങിയിരുന്നത്‌.
മുഖവും നെഞ്ചും ഉള്‍പ്പെടെ ശരീരത്തില്‍ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആസ്‌പത്രിയിലും ശേഷം കോഴിക്കോട്‌ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നാണ്‌ മരിച്ചത്‌. 

അക്രമം നടക്കുമ്പോള്‍ ബഷീറും ഭാര്യയും മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. മെഡിക്കല്‍ കോളജ്‌ പോലീസ്‌ നല്‍കിയ വിവരം പ്രകാരം മലപ്പുറം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
അക്രമവുമായി ബന്ധപ്പെട്ട്‌ ബഷീറിന്റെ മരണ മൊഴി മജിസ്‌ട്രേറ്റ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. തൃശ്ശൂരില്‍ നിന്നുള്ള സൈന്റ്‌ഫിക്‌ എക്‌സ്‌പേര്‍ട്ടസ്‌, വിരലടയാള വിദഗ്‌ധര്‍, ഡോഗ്‌ സ്വക്വാഡ്‌ എന്നിവര്‍ മുണ്ടുപറമ്പിലെ വീട്ടിലെത്തി തെളിവെടുത്തു.
മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കി. മലപ്പുറത്ത്‌ മലബാര്‍ ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ സ്‌ഥാപനം നടത്തിയിരുന്ന ബഷീറുമായി ബന്ധപ്പെട്ടവര്‍, ബന്ധുക്കള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ്‌ പോലീസ്‌ അന്വേഷണം നടക്കുന്നത്‌. 

ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരമുള്ള പ്രത്യേക സ്‌ക്വാഡ്‌ ഇതിനായി രൂപവത്‌കരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട്‌ ഇതുവരെ ആരെയും കസ്‌റ്റഡിയിലെടുത്തിട്ടില്ല. ബഷീറിന്‌ മൂന്നുമക്കളുണ്ട്‌. ഷഹന(വേങ്ങര), മുഹമ്മദ്‌ ആസിഫലി, ഫാത്തിമ സഫ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.