Latest News

ബ്ലേഡ് - ഒറ്റ നമ്പര്‍ ചൂതാട്ട മാഫിയ സംഘത്തിനെതിരെ വാര്‍ത്ത; മാധ്യമ പ്രവര്‍ത്തകന് വെട്ടേററു

നീലേശ്വരം: ബ്ലേഡ് - ഒറ്റ നമ്പര്‍ ചൂതാട്ട മാഫിയ സംഘത്തിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ വൈരാഗ്യത്തില്‍ മാധ്യമപ്രവര്‍ത്തകനെ വാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു.[www.malabarflash.com]

നീലേശ്വരം ബങ്കളത്തെ സേതു ബങ്കളത്തിനെയാണ് (46) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സേതുവിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം പുതുക്കൈയിലെ കേബിള്‍ ടി വി ജോലിക്കാരന്‍ പുതുക്കൈയിലെ മിഥുന്‍ ആണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

കാഞ്ഞങ്ങാട് നിന്നും പ്രസിദ്ധീകരിക്കുന്ന മലബാര്‍ വാര്‍ത്ത പത്രത്തിന്റെ റിപ്പോര്‍ട്ടറാണ് സേതു ബങ്കളം. ചൊവ്വാഴ്ച രാത്രി 7.20 മണിയോടെ നീലേശ്വരം തളിയില്‍ ജംഗ്ഷനില്‍ വെച്ചാണ് മിഥുന്‍ നീളമുള്ള വടിവാള്‍ കൊണ്ട് സേതുവിനെ വെട്ടിയത്. വെട്ടുമ്പോള്‍ ഒഴിഞ്ഞുമാറിയതിനാല്‍ കണ്ണിന്റെ രണ്ട് പുരികത്തിനും തലയ്ക്കുമാണ് വെട്ടേറ്റത്. സംഭവം കണ്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മിഥുന്‍ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.

നീലേശ്വരത്തെ ഒറ്റ നമ്പര്‍ ചൂതാട്ട കേസിലെ പ്രതി സയന ബാബുവിനെതിരെയും ഇയാളുടെ കൂട്ടാളികള്‍ക്കെതിരെയും കഴിഞ്ഞ ഏതാനും ദിവസമായി പത്രത്തില്‍ വാര്‍ത്ത വന്നുകൊണ്ടിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് മദ്യസല്‍ക്കാരം നടത്തിയതിന്റെ വാര്‍ത്ത ചൊവ്വാഴ്ച നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സേതു ബങ്കളത്തിന് നേരെ അക്രമമുണ്ടായത്. മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ ആക്രമണത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.