Latest News

പരീക്ഷ കഴിഞ്ഞ് മുങ്ങിയ ബിരുദ വിദ്യാര്‍ത്ഥിനി വിവാഹിതയായി തിരിച്ചെത്തി

കാഞ്ഞങ്ങാട്: കോളേജില്‍ പരീക്ഷ കഴിഞ്ഞ് അപ്രത്യക്ഷയായ ബിരുദ വിദ്യാര്‍ത്ഥിനി പാണത്തൂര്‍ നെല്ലിക്കുന്നിലെ അമ്പിളി വിവാഹിതയായി തിരിച്ചെത്തി.[www.malabarflash.com]

മുന്നാട് പീപ്പിള്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ അമ്പിളി അജാനൂര്‍ രാവണീശ്വരത്തെ മാതൃസഹോദരി പുഷ്പയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി കോളേജിലേക്ക് പരീക്ഷ എഴുതാന്‍ പോയത്.
പാണത്തൂര്‍ നെല്ലിക്കുന്ന് തമ്പാന്റെയും പ്രേമലതയുടെയും മകളാണ് അമ്പിളി. പരീക്ഷ കഴിഞ്ഞ് കൂട്ടുകാരനായ പനത്തടിയിലെ ഓട്ടോ ഡ്രൈവര്‍ ജോബിനോടൊപ്പം മുങ്ങി എന്നാണ് മാതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിരുന്നത്. 

കമിതാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് വെളളിയാഴച് രാവിലെ അമ്പിളി കാമുകനായ ജോബിനോടൊപ്പം ഹൊസ്ദുര്‍ഗ് പോലീസില്‍ നേരിട്ടെത്തിയത്. ഇരുവരും വ്യാഴാഴ്ച പെരിങ്ങോം മുക്കുഴി ശിവക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി എന്നാണ് അമ്പിളി പോലീസിന് നല്‍കിയ മൊഴി. 

അമ്പിളിയും ജോബിനും നേരത്തെ തന്നെ ഇഷ്ടത്തിലായിരുന്നുവത്രെ. ഇക്കാര്യം അമ്പിളിയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയെ അജാനൂര്‍ രാവണീശ്വരത്തുള്ള മാതൃ സഹോദരി പുഷ്പലതയുടെ വീട്ടിലേക്ക് മാറ്റിയത്.
ഒരു വര്‍ഷമായി പെണ്‍കുട്ടി രാവണീശ്വരത്തെ വീട്ടിലായിരുന്നു താമസം. ഇവിടെ നിന്ന് മുന്നാട് കോളേജിലേക്ക് പോയി വരികയായിരുന്നു. കഴിഞ്ഞ ദിവസം കോളേജില്‍ പരീക്ഷ എഴുതിയ ശേഷം ഉച്ചക്ക് മൂന്ന് മണിയോടെ കോളേജില്‍ നിന്നും ഇറങ്ങുകയും ജോബിന്റെ കൂടെ മുങ്ങുകയും ചെയ്തു. അമ്പിളിക്ക് സെല്‍ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും കാമുകനോടൊപ്പം നാടുവിടുമ്പോള്‍ ഫോണ്‍ അജാനൂര്‍ രാവണീശ്വരത്തെ വീട്ടില്‍ ഉപേക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്ന് കണ്ടെത്താനുള്ള ശ്രമം നടന്നതുമില്ല. ഇതേ സമയം ജോബിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലും ആയിരുന്നു. 

ഇരുവരെയും കണ്ടെത്താന്‍ പോലീസും ബന്ധുക്കളും അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ് ഇരുവരും ക്ഷേത്രത്തില്‍ പരസ്പരം മാല ചാര്‍ത്തി വിവാഹിതരായി വെളളിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ ഹാജരായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.