ചെറുവത്തൂര്‍: പടന്നക്കാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി വി പുഷ്പ്പജക്കെതിരെ ജന്‍മനാടും പാര്‍ട്ടി ഗ്രാമവുമായ കൊടക്കാട് പൊള്ളപ്പൊയിലില്‍ വ്യാപകമായി ലഘുലേഖ ഇറക്കി.[www.malabarflash.com]
യാത്രയയപ്പ് ചടങ്ങിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 'ആദരാഞ്ജലി' പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്ത സംഭവം വന്‍ വിവാദമായതിന് പിന്നാലെയാണ് പ്രിന്‍സിപ്പാളിനും കുടുംബത്തിനുമെതിരെ ലേഡി പ്രിന്‍സിപ്പാളിന്റെ ഗ്രാമവാസികള്‍ എന്ന പേരില്‍ ലഘുലേഖ ഇറങ്ങിയത്.
ഇതോടെ ഇതിന് പിന്നില്‍ സിപിഎം നേതൃത്വമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെ അറിവില്ലാതെ ഇവിടെ ലഘുലേഖ വിതരണം നടക്കില്ലെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. ഇന്ന് രാവിലെയാണ് ലഘുലേഖ വിതരണം ചെയ്തത്. വീട് വീടാന്തരമാണ് ലഘുലേഖകള്‍ വിതരണം ചെയ്തിട്ടുള്ളത്.
പ്രിന്‍സിപ്പാളിനെയും ഭര്‍ത്താവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് ലഘുലേഖയില്‍ ഉള്ളത്. പ്രിന്‍സിപ്പാളിനെയും അവരുടെ പിതാവിനെയും ഭര്‍ത്താവിനെയും മ്ലേച്ചമായി ചിത്രീകരിക്കുന്നതാണ് ലഘുലേഖയിലെ പരാമര്‍ശങ്ങള്‍.
പ്രിന്‍സിപ്പള്‍ എന്ന പീറ പെണ്ണിനെ സംസ്ഥാന തലത്തില്‍ പ്രശസ്തിയുണ്ടാക്കി കൊടുത്തതിന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു. കുടുംബക്കാരെ കുറിച്ച് ആക്ഷേപം ചൊരിഞ്ഞത് കൂടാതെ കോളജില്‍ നടന്ന സംഭവങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മരിച്ച അധ്യാപികയാണ് ഡോ. പുഷ്പ്പജയെന്നും ലഘുലേഖയില്‍ പറയുന്നു.
No comments:
Post a Comment