ബംഗളൂരു: അനിശ്ചിതത്വത്തിനൊടുവില്‍ ബംഗളൂരു ശാന്തിനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.എല്‍.എ.യും കാസര്‍കോട് കീഴൂര്‍ സ്വദേശിയുമായ എന്‍.എ. ഹാരിസ് തന്നെ സ്ഥാനാര്‍ത്ഥിയാകും.[www.malabarflash.com]
ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം മാത്രമേ ഉണ്ടാകുകയുള്ളുവെങ്കിലും ഹാട്രിക് ജയം തേടി ഹാരിസ് തന്നെ മത്സരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. നാമ നിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള ബി.ഫോം വ്യാഴാഴ്ച വൈകിട്ട് കൈപ്പറ്റണമെന്ന് പാര്‍ട്ടി നേതൃത്വം ഹാരിസിനെ അറിയിച്ചിട്ടുണ്ട്.
വ്യവസായിയുടെ മകനെ കഫെയില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നതിന് ഹാരിസിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് ബെംഗളൂരു സിറ്റി ജന. സെക്രട്ടറിയുമായിരുന്ന മുഹമ്മദ് നാലപ്പാടിനെതിരായ കേസിനെ തുടര്‍ന്നാണ് ഹാരിസിനെ ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരുന്നത്.
എന്നാല്‍ രണ്ടു തവണ എം.എല്‍.എ. യായ ഹാരിസിന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കക്ഷി ഭേദമന്യേ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശാന്തിനഗര്‍ ഉണ്ടായിരുന്നില്ലെങ്കിലും വിജയ സാധ്യത ഏറെയുള്ള ഹാരിസ് തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചനയുണ്ടായിരുന്നു.
ബംഗളൂരു കേന്ദ്രീകരിച്ചുള്ള പ്രമുഖര്‍ അംഗങ്ങളായിട്ടുള്ള സിറ്റിസണ്‍ ഗ്രൂപ്പിന്റെ സര്‍വ്വെയില്‍ ബംഗളൂരുവിലെ 27 എം.എല്‍.എമാരില്‍ മികച്ച സാമാജികനായി ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എം.എല്‍.സി. കൂടിയായ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് റിസ്‌വാന്‍ അര്‍ഷദിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരു വിഭാഗം ശ്രമം നടത്തിയിരുന്നുവെങ്കിലും ഒരു സീറ്റിന്റെ കാര്യമാണെങ്കില്‍ പോലും ഭാഗ്യ പരീക്ഷണത്തിന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് തയ്യാറാകില്ലെന്നത് ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്‍ബലം നല്‍കി.
മകനെതിരായ കേസിനെ ചൊല്ലി പിതാവിനെ ക്രൂശിക്കുന്നതിനെതിരെയും പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കളങ്കിതരായ 5 പേര്‍ക്ക് ബി.ജെ.പി. സീറ്റ് നല്‍കിയപ്പോള്‍ യാതൊരു കേസുമില്ലാത്ത ഹാരിസിനെ മാറ്റി നിര്‍ത്തുന്നതിനോടും പലര്‍ക്കും വിയോജിപ്പുണ്ടായിരുന്നു.
ശാന്തിനഗറില്‍ മൂന്നാം അങ്കത്തിനിറങ്ങുന്ന ഹാരിസ് കഴിഞ്ഞ തവണ 20187വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജെ.ഡി.എസിലെ വാസുദേവ മൂര്‍ത്തിയെ പരാജയപ്പെടുത്തിയത്. ബി.ജെ.പി.യുടെ വെങ്കടേഷ് മൂര്‍ത്തി മൂന്നാം സ്ഥാനത്തായിരുന്നു.
No comments:
Post a Comment