Latest News

പൊതുവിഭാഗത്തിനുള്ള റേഷനരി അളവ് കൂട്ടി ;വിതരണം അടുത്തമാസം മുതൽ

തിരുവനന്തപുരം: പൊതുവിഭാഗത്തിലെ റേഷൻകാർഡ് ഉടമകൾക്ക് റേഷനരി വിഹിതം വർധിപ്പിച്ച് സർക്കാരിന്റെ വിഷുസമ്മാനം. പ്രതിമാസം 8.90 രൂപ നിരക്കിൽ രണ്ടു കിലോ അരി ലഭിച്ചിരുന്നത് അടുത്തമാസം മുതൽ നാല് കിലോയായി ഉയർത്തും. 18.2 ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.[www.malabarflash.com]

പുതിയ കണക്കനുസരിച്ച് പൊതുവിഭാഗത്തിൽ 18,22,766 റേഷൻകാർഡുകളിലായി 77,20,657 ഗുണഭോക്താക്കളുണ്ട്. ദേശീയ ഭക്ഷ്യഭദ്രതാനിയമം പ്രാബല്യത്തിലായതോടെ ഇവർക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായോ സബ്‌സിഡി ആനുകൂല്യത്തിലോ ലഭിക്കില്ല. നിലവിൽ 8.90 രൂപ നിരക്കിൽ രണ്ട് കിലോ അരിയും ലഭ്യതയനുസരിച്ച് 15 രൂപക്ക് പായ്ക്കറ്റ് ആട്ടയുമാണ് നൽകിയിരുന്നത്. ഈ മാസം തന്നെ അധികവിതരണം ആരംഭിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ.

നിലവിലുള്ള സോഫ്ട്‌വെയറിൽ മാറ്റം വരുത്താൻ കൂടുതൽ സമയം വേണമെന്ന് നാഷണൽ ഇൻഫോർമാറ്റിക് സെന്റർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിതരണം അടുത്തമാസത്തേക്ക് നീട്ടിയതെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു.

പൊതുവിഭാഗത്തിന് 2606.874 ടൺ അരിയാണ് കഴിഞ്ഞമാസത്തെ അലോട്ട്‌മെന്റ്. എഎവൈ വിഭാഗത്തിന് 17,757.470 മെട്രിക്ടൺ അരിയും മുൻഗണനാവിഭാഗത്തിന് 52,073.178 ടൺ അരിയുമാണ് പ്രതിമാസ വിഹിതം. സബ്‌സിഡിയുള്ള മുൻഗണനേതര വിഭാഗത്തിന് 24,228.250 ടണ്ണാണ് വിഹിതം. മിച്ചംവരുന്ന അരിയുടെ അളവ് എല്ലാജില്ലകളിൽ നിന്നും ഭക്ഷ്യവകുപ്പ് ശേഖരിച്ചുതുടങ്ങി. മിച്ചം വരുന്ന അരി പൊതുവിഭാഗത്തിന് നൽകാമെന്നാണ് കണക്കുകൂട്ടൽ. ഏപ്രിൽ അവസാനത്തോടെ ഈ കണക്ക് വ്യക്തമാകും. 80,18,030 റേഷൻകാർഡുടമകളാണ് സംസ്ഥാനത്തുള്ളത്.

കാർഡുടമകളുടെയും അംഗങ്ങളുടെയും വ്യക്തിവിവരങ്ങളടങ്ങിയ ഇ പോസ് മെഷീൻ മുഖേനയാണ് ഭക്ഷ്യധാന്യവിതരണം. ബയോമെട്രിക് സംവിധാനം റേഷൻ രംഗത്തെ അഴിമതി ഇല്ലതാക്കുമെന്നാണ് കണക്കുകൂട്ടൽ. ഭക്ഷ്യധാന്യവിതരണത്തിൽ നിന്ന് റേഷൻ മൊത്തവിതരണക്കാരെ ഒഴിവാക്കിയതും ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്.ഇടത്തട്ടുകാരെ ഒഴിവാക്കി എഫ്‌സിഐയിൽ നിന്ന് സിവിൽസപ്ലൈസ് കോർപറേഷൻ നേരിട്ട് ഭക്ഷ്യധാന്യങ്ങൾ എടുത്ത് റേഷൻകടകളിൽ എത്തിക്കുന്ന വാതിൽപ്പടി വിതരണത്തിനും തുടക്കമിട്ടു. എല്ലാറേഷൻകാർഡ് ഉടമകളെയും റേഷൻകടകളിലെത്തിച്ച് പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.