ബദിയടുക്ക: നെല്ലിക്കട്ടയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുഹ്‌റ (48) മരിച്ചത് ടിപ്പര്‍ ലോറിയിടിച്ചാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.[www.malabarflash.com]
തിങ്കളാഴ്ച രാവിലെയാണ് ചെര്‍ളടുക്ക റോഡരികില്‍ സുഹ്‌റ പരിക്കുകളോടെ വീണ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സഹോദരനെ വിളിപ്പിച്ച് ചെങ്കളയിലെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്.
മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെത്തുടര്‍ന്ന് പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. വാരിയെല്ലിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാനഗര്‍ സി.ഐ. ബാബൂ പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ സുഹ്‌റ വീണ് കിടന്ന സ്ഥലം പരിശോധിച്ചപ്പോഴാണ് ടിപ്പര്‍ ലോറിയുടെ ലൈറ്റിന്റെ ഭാഗം കണ്ടത്. തുടര്‍ന്ന് ടിപ്പര്‍ ലോറികളെ നിരീക്ഷിച്ച് വരികയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ എടനീരില്‍ നടത്തിയ പരിശോധനക്കിടെയാണ് ടിപ്പര്‍ ലോറിയുടെ ലൈറ്റ് ഭാഗത്ത് സ്റ്റിക്കര്‍ പതിച്ച നിലയില്‍ ലോറി ശ്രദ്ധയില്‍പെട്ടത്. ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ അപകടം സംബന്ധിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 5.45ഓടെ ചെര്‍ക്കളയില്‍ നിന്ന് വിട്‌ളയിലേക്ക് ജെല്ലിപ്പൊടി കയറ്റാന്‍ പോകുന്നതിനിടെയാണ് ലോറി സുഹ്‌റയെ ഇടിച്ചത്. ലോറിയിടിച്ചാണ് സുഹ്‌റയുടെ വാരിയെല്ലിന് ക്ഷതം സംഭവിച്ചത്. ഇതാണ് മരണത്തിന് കാരണമായത്. മരണം സംബന്ധിച്ച് ദുരൂഹത ഉയര്‍ന്നതിനെത്തുടര്‍ന്ന് ബുധനാഴ്ച സുഹ്‌റയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. മരണം ലോറിയിടിച്ചാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ വൈകിട്ടോടെ വിട്ടയക്കുകയായിരുന്നു.
No comments:
Post a Comment