Latest News

ഞങ്ങളുടെ പള്ളിയിലെ ഇന്നത്തെ പ്രാര്‍ത്ഥന; ലിനിയുടെ കുഞ്ഞുമക്കളായ ഋതുലിനും സിദ്ധാര്‍ത്ഥിനും വേണ്ടിയായിരുന്നു...(വര്‍ഗ്ഗീയ വിഷം ചീറ്റുന്ന മനുഷ്യ... അറിയുക ഇതാണ് നമ്മുടെ നാട്)

മഴക്കാലത്തിന്റെ വരവറിയിച്ച് പുറത്ത് മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ കാസര്‍കോട് ബോവിക്കാനത്തെ പള്ളിക്കുള്ളില്‍ ചൊവ്വാഴ്ചയുടെ രാത്രി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഉസ്താദ് ഹംസത്തു സഅദി പ്രാര്‍ത്ഥിക്കുകയാണ്....[www.malabarflash.com]

വിശുദ്ധ റമസാന്‍ മാസത്തിന്റെ പവിത്രതയില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ ഉള്ളുരുകി അതിന് ആമീന്‍ പറയുന്നു. ആ പ്രാര്‍ത്ഥനയ്ക്കും ആ കൂടിചേരലിനും പുറത്തുപെയ്യുന്ന മഴയേക്കാളും സുഖവും അഴകുമുണ്ടായിരുന്നു.
സ്രേഷ്ടമായ രാത്രിയുടെ ധന്യമായ നിമിഷത്തില്‍ ഉസ്താദ് പ്രാര്‍ത്ഥിച്ചതും ആളുകള്‍ ആമീന്‍ പറഞ്ഞതും സ്വര്‍ഗ്ഗത്തനുവേണ്ടിയും നരകത്തില്‍ നിന്നുള്ള മോചനത്തിനുവേണ്ടിയുമായിരുന്നില്ല. അത് നിപയുടെ വൈറസിനെ പോലും മറന്ന് തന്റെ ഉത്തരവാദിത്വത്തില്‍ മുഴുകി കര്‍ത്തവ്യം നിറവേറ്റുന്നതിനിടയില്‍ മരിച്ചുപോയ പ്രിയ സഹോദരി ലിനിയുടെ കുഞ്ഞുമക്കള്‍ക്കുവേണ്ടിയായിരുന്നു.
മലയാളമണ്ണിനെ ഒന്നടങ്കം ആശങ്കയിലാക്കിയ പനിയില്‍ ലിന മരിച്ചുപോയപ്പോള്‍ അനാഥരായിപ്പോയ അവരുടെ പിഞ്ചോമന മക്കളായ അഞ്ചു വയസ്സുകാരന്‍ ഋതുലും രണ്ടു വയസുകാരന്‍ സിദ്ധാര്‍ത്ഥും നമുക്ക് മുന്നിലെ സങ്കട ചിത്രമായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുന്ന അമ്മ കൊണ്ടുവരുന്ന മിഠായികെട്ടിന് കാത്തിരിക്കുന്ന ആ മക്കളെ ഓര്‍ത്ത് നമ്മുടെ നെഞ്ചും അറിയാതെ പിടഞ്ഞിട്ടുണ്ട്. യാ, അള്ളാ ആ പൊന്നോമനകള്‍ക്ക് ഒന്നും സംഭവിക്കരുതെയെന്ന് നമ്മളൊക്കെ ഒരുപാട് വട്ടം പ്രാര്‍ത്ഥിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം ആ കുഞ്ഞുങ്ങള്‍ പനി ബാധിച്ച് ആശുപത്രിയിലാണെന്ന വാര്‍ത്ത കേട്ടു. പിന്നീടുള്ള ഓരോ നിമിഷത്തിലും നന്മയുള്ള ഓരോ മനസ്സും പ്രാര്‍ത്ഥിച്ചത് ആ കുഞ്ഞുമക്കള്‍ക്ക് പിടിപ്പെട്ട പനി നിപയാവരുതെയെന്നായിരുന്നു. അതൊരു സാധാരണ പനിയായി ആ കുഞ്ഞുമക്കള്‍ അമ്മയെ പോലെ ത്യാഗമനോഭാവമുള്ളവാരായി വളരട്ടെയെന്ന് നമ്മള്‍ ഇനിയും പ്രാര്‍ത്ഥിക്കണം.
ഋതുലിന്റെയും സിദ്ധാര്‍ത്ഥിന്റേയും ഒരുപാട് കഥകള്‍ വായിച്ചിട്ടുണ്ട്, ഒരുപാട് ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്, അച്ഛന്റെ അരികിലിരുന്ന് കഥ പറയുന്നത് നോക്കിയിരുന്നിട്ടുണ്ട്. അന്നൊന്നും മനസ്സിനെ തൊടാത്ത ഒരു കുളിരും സുഗന്ധവും ഇന്ന് പള്ളിയില്‍ വെച്ച് കേട്ട പ്രാര്‍ത്ഥനയില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞു.
മതങ്ങള്‍ നോക്കി മനുഷ്യന് വിലയിടുന്ന വര്‍ത്തമാന കാലത്ത്, താന്‍ കയറിയ ഡ്രൈവര്‍ മറ്റൊരു മതക്കാരനാണെന്നറിഞ്ഞപ്പോള്‍ മുസ്ലിമിന് എന്റെ പണം നല്‍കില്ലെന്ന് പറഞ്ഞ് കാറില്‍ നിന്ന് ഇറങ്ങിപോയ തീവ്രവാദികള്‍ ജീവിക്കുന്ന ലോകത്ത് ചൊവ്വാഴ്ച കേട്ട പ്രാര്‍ത്ഥനയ്ക്ക് ആയിരം അര്‍ത്ഥങ്ങളും അതിനേക്കാളേറെ വര്‍ണ്ണങ്ങളുമുണ്ടായിരുന്നു. അല്ലെങ്കിലും ഋതുലും സിദ്ധാര്‍ത്ഥും ഇന്ന് നമ്മുടെ കൂടി മക്കളാണ്, അവര്‍ നമ്മുടെ പൊന്നോമനകളാണ്. അവരുടെ ശരീരം പനിക്കുമ്പോള്‍ പൊള്ളുന്നത് നമുക്ക് കൂടിയാണ്...

യാ, അള്ളാ, ഞങ്ങളുടെ ഋതുമോനേയും സിദ്ധാര്‍ത്ഥിനേയും നീ കാത്തുകൊള്ളണേ അള്ളാ...അമ്മയില്ലെങ്കിലും ഞങ്ങളുടെയൊക്കെ ഓമനകുട്ടന്മാരായി അവര്‍ ഇനിയും ജീവിക്കണം...അമ്മ കാണിച്ചുകൊടുത്ത വഴിയിലൂടെ അവര്‍ നടക്കണം...
- എബി കുട്ടിയാനം


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.