Latest News

കാസർകോട്​ ബാലകൃഷ്ണൻ വധം: ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊച്ചി: യൂത്ത്​ കോൺഗ്രസ്​ കാസർകോട്​ മണ്​ഡലം പ്രസിഡൻറായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.[www.malabarflash.com] 

യുവതിയുടെ പിതാവ് അടക്കമുള്ളവരെ വെറുതെ വിട്ടു. ശിക്ഷ വെളളിയാഴ്ച വിധിക്കും.കാസർകോട് കൂനിക്കുന്ന് പാദൂർ റോഡ് ചട്ടഞ്ചാൽ ജന്നത്തുൽ ഫിർദൗസിൽ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാൽ, തളങ്കര കെ.എ.ഹൗസിൽ ജാക്കി ഹനീഫ്​ എന്ന മുഹമ്മദ്​ ഹനീഫ്​ എന്നിവരെയാണ് കോടതി കുററക്കാരെന്ന് കണ്ടെത്തിയത്‌.

യുവതിയുടെ പിതാവും അഞ്ചാം പ്രതിയുമായ ഉപ്പള മണ്ണംകുഴി ഹാജി മലഗ്​ ദർബാറിൽ അബൂബക്കറിനെ വെറുതെവിട്ടു. തയലങ്ങാടി മല്ലിഗ ഹൗസിൽ അബ്​ദുൽ ഗഫൂർ, ചെങ്ങള മുട്ടത്തൊടി സഫീനാ മൻസിലിൽ എ.എം.മുഹമ്മദ്​, എന്നിവരാണ്​ കേസിലെ മറ്റു പ്രതികൾ.

2001 സെപ്റ്റംബർ 18 നാണ് ബാലകൃഷ്ണൻ കൊല്ലപ്പെട്ടത്. കാസർകോട് നുള്ളിപ്പടിയിൽനിന്ന് ബാലകൃഷ്ണനെ കാറിൽ കയറ്റിക്കൊണ്ടുപോയി പുലിക്കുന്ന് ചന്ദ്രഗിരിപ്പുഴ കടവിന് സമീപത്തുവെച്ച്‌ കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്​. അഞ്ചാം പ്രതിയുടെ മകളെ ബാലകൃഷ്ണൻ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലക്ക് കാരണമെന്നാണ്​ സി.ബി.ഐ കണ്ടെത്തിയത്​.

അബ്​ദുൽ ഗഫൂറും അബൂബക്കറുമാണ്​ കൊലക്ക്​ ക്വട്ടേഷൻ നൽകിയതെന്ന് സി.ബി​.​ഐ വാദിച്ചു. പ്രതികളെ ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ കുറ്റമാണ്​ എ.എം.മുഹമ്മദിനെതിരെയുണ്ടായിരുന്നത്. 

ലോക്കൽ പോലീസ്​ ആറ്​ വർഷത്തോളം നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന്​ അന്വേഷണം സി.ബി.​െഎക്ക്​ വിടുകയായിരുന്നു. 2010 നവംബറിലാണ്​ കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്​. സി.ബി.ഐ ചെന്നൈ യൂനിറ്റാണ്​ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.