Latest News

ആശുപത്രി ബില്ലടയ്ക്കാൻ പണമില്ല; പകരം അവയവം എടുത്തുമാറ്റി

ചിറ്റൂർ: ആശുപത്രി ബില്ലിന്റെ പേരിൽ ബന്ധുക്കളെ സമ്മർദ്ദത്തിലാഴ്ത്തി മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ എടുത്തുമാറ്റിയതായി പരാതി. തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ പരിക്കേറ്റ മീനാക്ഷിപുരം നെല്ലിമേട് സ്വദേശി പേച്ചിമുത്തുവിന്റെ മകൻ മണികണ്ഠനാണ് (25) സേലത്തെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.[www.malabarflash.com]

ചെന്നൈ മേൽമറവത്തൂരിൽ ശിങ്കാരി മേളം അവതരിപ്പിച്ച് മടങ്ങുകയായിരുന്ന മണികണ്ഠനും സംഘവും സഞ്ചരിച്ച കാർ സേലത്തിന് സമീപം കള്ളിക്കുറിശിയിൽ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 

ഡ്രൈവർ ഉൾപ്പെടെ ഏഴുപേരടങ്ങുന്ന സംഘത്തിലെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് തന്നെയുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി മൂന്നുപേരെയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഘത്തിലെ എല്ലാവർക്കും പരിക്കേറ്റതും സ്ഥലപരിചയമില്ലാത്തതും മൂലം നിർദ്ദേശം അനുസരിക്കുകയല്ലാതെ മറ്റ് മാർഗമുണ്ടായില്ലെന്ന് വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മണികണ്ഠന്റെ സഹോദരൻ മഹേഷ് പറഞ്ഞു.

ഞായറാഴ്ച രാവിലെ മൂന്നുദിവസത്തെ ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപ ചെലവായെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തുകയാണെന്നും മരണമടഞ്ഞാൽ മൃതദേഹം വിട്ടുനൽകാൻ തുക പൂർണമായും അടയ്ക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന ഇവർക്ക് പണമടയ്ക്കാൻ നിവൃത്തിയില്ലാതായതോടെ ഇടനിലക്കാർ മുഖേന നിർബന്ധപൂർവം അവയവദാന സമ്മതപത്രത്തിൽ ബന്ധുക്കളെ കൊണ്ട് ഒപ്പിടുവിച്ചു.

തുടർന്ന് ഞായറാഴ്ച രാത്രി തന്നെ അവയവങ്ങൾ നീക്കം ചെയ്യുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. വിദഗ്ദ്ധ ഡോക്ടർമാരെത്തിയാണ് അവയവങ്ങൾ നീക്കിയത്. 

സംഭവത്തിൽ പാലക്കാട് കളക്ടർക്കും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർക്കും മനുഷ്യാവകാശ കമ്മിഷനും അടുത്ത ദിവസം തന്നെ രേഖാമൂലം പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. മണികണ്ഠന്റെ അമ്മ: ബേബി. സഹോദരങ്ങൾ: മനോജ്, മഹേഷ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.