Latest News

കണ്ണൂർ വിമാനത്താവളം കളക്ടറേറ്റ് മൈതാനിയിൽ

കണ്ണൂർ: ഉത്തരമലബാറിന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന കണ്ണൂർ വിമാനത്താവളം എങ്ങനെയായിരിക്കും എന്ന് കണ്ടറിയാൻ ആഗ്രഹിക്കുന്നവരാണ് കണ്ണൂർ ജില്ലയിലും പുറത്തുമുള്ള ഒാരോരുത്തരും. മാധ്യമങ്ങളിൽ വന്ന ചിത്രങ്ങളിലൂടെയല്ലാതെ ഭൂരിഭാഗം പേരും വിമാനത്താവളം കണ്ടിട്ടില്ല.[www.malabarflash.com] 

ഇപ്പോഴിതാ, കണ്ണൂർ വിമാനത്താവളത്തെയൊന്നാകെ കളക്ടറേറ്റ് മൈതാനിയിൽ എത്തിച്ചിരിക്കുകയാണ് കിയാൽ (കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്). 

നിർദ്ദിഷ്ട കണ്ണൂർ വിമാനത്താവളം എങ്ങനെയാണെന്ന് വിശദമായി മനസിലാക്കാൻ സഹായിക്കുന്ന നിശ്ചല മാതൃക, സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന 'പൊൻകതിർ' മെഗാ എക്സിബിഷനിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. കിയാലിനു വേണ്ടി കിറ്റ്കോ ആണ് വിമാനത്താവളത്തിന്റെ നിശ്ചല മാതൃക ഒരുക്കിയത്.

വിമാനത്താവളത്തിലെ ഇന്റഗ്രേറ്റഡ് പാസഞ്ചർ ടെർമിനൽ കെട്ടിടമാണ് നിശ്ചലമാതൃകയിലെ പ്രധാന ആകർഷണം. കൂടാതെ വിമാനത്താവളത്തിലേക്കു പോകാനും വരാനുമുള്ള റോഡുകൾ, ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകൾ, ആഗമന-നിർഗമന ടെർമിനലുകൾ, വിശാലമായ പൂന്തോട്ടങ്ങൾ, കാർ പാർക്കിംഗ് ഏരിയ തുടങ്ങിയവയും അടുത്തുകാണാം. 

വിമാനങ്ങളുടെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത 'വിമാന'ങ്ങളും ഇവിടെയുണ്ട്. എൽ.ഇ.ഡി വിളക്കുകളാൽ അലങ്കരിച്ചത് വിമാനത്താവളത്തിന്റെ ചെറുമാതൃകയുടെ മാറ്റുകൂട്ടുന്നു. കാണാനെത്തുന്നവർക്ക് മനസിലാകാത്ത കാര്യങ്ങൾ വിശദീകരിക്കാനായി കിയാലിന്റെ ഉദ്യാഗസ്ഥരും ഇവിടെ ഉണ്ട്.

മട്ടന്നൂരിനടുത്തുള്ള മൂർഖൻ പറമ്പിലാണ് കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാകാനൊരുങ്ങുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. നിലവിൽ 95 ശതമാനം ജോലികളും പൂർത്തിയായ വിമാനത്താവളത്തിൽ ബാക്കിയുള്ള ജോലികൾക്കൊപ്പം സാങ്കേതിക പരിശോധനകളാണ് ഇനി പൂർത്തിയാകാനുള്ളത്. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ടെർമിനൽ കെട്ടിടത്തിന്റെ വിസ്തീർണ്ണം 97,000 സ്ക്വയർ കിലോമീറ്ററാണ്. രാജ്യത്തെ ഏറ്റവും വലിയ എട്ടാമത്തെ ടെർമിനൽ കെട്ടിടമാണ് ഇത്. 48 ചെക്ക്-ഇൻ കൗണ്ടറുകൾ, സെൽഫ് ചെക്ക്-ഇൻ സൗകര്യം, ആറ് എയ്റോ ബ്രിഡ്ജുകൾ എന്നിവയും കണ്ണൂർ വിമാനത്താവളത്തിൽ ഉണ്ട്. ഏതുകാലാവസ്ഥയിലും വിമാനങ്ങൾക്ക് സുരക്ഷിതമായി പറന്നിറങ്ങാനുള്ള ഇൻസ്ട്രുമെന്റൽ ലാൻഡിംഗ് സിസ്റ്റം കണ്ണൂർ വിമാനത്താവളത്തിൽ സ്ഥാപിച്ചു കഴിഞ്ഞു.

2,300 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം നിർമ്മിക്കുന്നത് 2,290 കോടി രൂപ ചെലവിലാണ്. നിലവിൽ 3,050 മീറ്റർ നീളമുള്ള റൺവേയുടെ നാലായിരം മീറ്ററായി വർധിപ്പിക്കുന്നതോടെ വലിയ വിമാനങ്ങൾക്കും ഇവിടെ ഇറങ്ങാൻ കഴിയും. മാത്രമല്ല, അതോടെ രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ റൺവേ എന്ന ബഹുമതിയും കണ്ണൂർ വിമാനത്താവളത്തിന് സ്വന്തമാകും. ഒരേസമയം 20 വിമാനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാൻ കഴിയും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.