Latest News

കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവും മരിച്ചു

കോഴിക്കോട്: പ്രതിരോധ പ്രവർത്തനങ്ങള്‍ തുടരുന്നതിനിടെ നിപ്പ വൈറസ് ബാധയേറ്റ ഒരാൾ കൂടി മരിച്ചു. ചെങ്ങരോത്ത് സ്വദേശി മൂസയാണു മരിച്ചത്. നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ്. ഇദ്ദേഹം കോഴിക്കോട്ടു ചികിൽസയിലായിരുന്നു.[www.malabarflash.com]

ഇവരുടെ വീടിന്റെ കിണറ്റിലാണു വവ്വാലുകളെ കണ്ടെത്തിയത്. മേയ് 18നാണ് മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ മരണം 12 ആയെങ്കിലും 11 പേർക്കു മാത്രമേ നിപ്പയാണെന്നു സ്ഥിരീകരിച്ചിട്ടുള്ളൂ.

ഏപ്രിൽ 25നാണു മൂസയും മക്കളായ സാബിത്തും സാലിഹും ആപ്പറ്റയിൽ പുതുതായി വാങ്ങിയ വീട്ടിലെ കിണർ വൃത്തിയാക്കിയത്. ഈ കിണറ്റിലാണു പിന്നീട് വവ്വാലുകളെ കണ്ടെത്തിയത്. പനിയെ തുടർന്നു സാബിത്തിനെ ഈമാസം മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ചിന് മരിക്കുകയും ചെയ്തു. 18നു സാലിഹും 19ന് സഹോദരഭാര്യ മറിയവും മരിച്ചു. ഇവരുടെ സ്രവ സാംപിളിൽനിന്നാണു നിപ്പ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

അതിനിടെ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള ഒരാൾക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ മരിച്ച മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി ഷിജിതയുടെ ഭർത്താവ് ഉബീഷിനാണു രോഗം സ്ഥിരീകരിച്ചത്. 

കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നു പേരെയും കോട്ടയം മെഡിക്കൽ കോളജിൽ രണ്ടുപേരെയും ബുധനാഴ്ച  രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. നിപ്പ ബാധിച്ചു മരിച്ച തിരൂരങ്ങാടി മൂന്നിയൂർ സ്വദേശി സിന്ധുവിന്റെ ഭർത്താവ് സുബ്രഹ്മണ്യനാണു കോഴിക്കോട്ടു ചികിൽസ തേടിയവരിലൊരാൾ. ഇതോടെ രോഗം സംശയിച്ചു മൊത്തം 17 പേരാണു ചികിൽസയിലുള്ളത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുള്ള രണ്ടു പേരും കോഴിക്കോട്ടുനിന്നെത്തിയവരാണ്. പേരാമ്പ്രയിൽനിന്നു കടുത്തുരുത്തിയിൽ വിവാഹനിശ്ചയത്തിനെത്തിയ അൻപത്തിയേഴുകാരനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നഴ്സുമാണു ചികിൽസയിലുള്ളത്. 

പേരാമ്പ്രയിൽനിന്നെത്തിയ ആൾ ട്രെയിൻ യാത്രയ്ക്കിടെ പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനാൽ വിവാഹനിശ്ചയസ്ഥലത്തേക്കു പോകാതെ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. ഇരുവരുടെയും സ്രവ സാംപിൾ ഭോപ്പാലിലേക്കും മണിപ്പാലിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.