Latest News

അപകടത്തില്‍ ശരീരം തളര്‍ന്ന കുട്ടിക്ക് 35 ലക്ഷം രൂപ കൂടി നഷ്ടപരിഹാരം; അമ്മയ്ക്ക് 15 ലക്ഷം രൂപ

കൊച്ചി: പതിനൊന്ന് വര്‍ഷംമുന്പ് കാറിടിച്ച് ശരീരം തളര്‍ന്ന കുട്ടിയുെട ഭാവിയിലെ ചികിത്സയ്ക്ക് 35 ലക്ഷം രൂപകൂടി നഷ്ടപരിഹാരം നല്‍കി ഹൈക്കോടതി. നേരത്തേ തൃശ്ശൂര്‍ മോട്ടോര്‍ വാഹനാപകട ട്രിബ്യൂണല്‍ അനുവദിച്ച 31 ലക്ഷം രൂപയ്ക്കുപുറമേയാണിത്. [www.malabarflash.com]

കുട്ടിയുടെ അമ്മയ്ക്ക് 15 ലക്ഷം രൂപയും നല്‍കണമെന്നും ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

തൃശ്ശൂര്‍ ചാവക്കാട് അകലാട് കാര്യാടത്ത് വീട്ടില്‍ മൈമൂനയുടെ മകന്‍ ബാസിദ് അപകടത്തില്‍പ്പെട്ട കേസിലാണിത്. ഇതോടെ, ട്രിബ്യൂണല്‍ വിധിച്ചതടക്കം നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ആകെ 81 ലക്ഷം രൂപയാണ് നല്‍കേണ്ടത്.

ഭാവിയിലെ ചികിത്സയ്ക്കായി 35 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി മൈമൂനയുടെയും ബാസിദിന്റെയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കണം. മാസംതോറും അതിന്റ പലിശമാത്രം പിന്‍വലിച്ച് ചികിത്സയ്ക്കും ചെലവിനും ഉപയോഗിക്കാം. ഇന്നത്തെ നിരക്കില്‍ ഏകദേശം 25,000 രൂപ വരുമെന്ന് കണക്കാക്കിയാണ് കോടതി 35 ലക്ഷമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.

ശിഷ്ടകാലം മകന്റെ പരിചരണത്തിനായി ഉഴിഞ്ഞുവെച്ച മാതാവിന്റെ ജീവിതനഷ്ടത്തിനാണ് 15 ലക്ഷം രൂപ അനുവദിച്ചത്. മൈമൂനയുടെ പേരില്‍ അഞ്ചുവര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമായാണ് തുക ബാങ്കിലിടേണ്ടത്. അത്രയുംകാലം പലിശമാത്രമേ എടുക്കാനാകൂ. പിന്നീട് തുക എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം.

38 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ട്രിബ്യൂണലില്‍ ബാസിദിന്റെ കുടുംബം ആവശ്യപ്പെട്ടത്. തൃശ്ശൂര്‍ ട്രിബ്യൂണല്‍ 31,05,765 രൂപ അനുവദിച്ചു. ആ തുക മുഴുവന്‍ ആദ്യഘട്ടത്തിലെ ചികിത്സാച്ചെലവിനത്തില്‍ തീര്‍ന്നെന്നും കൂടുതല്‍ തുക അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് മൈമൂന ഹൈക്കോടതിയെ സമീപിച്ചത്.

ബാസിദിന് ആറുവയസ്സുള്ളപ്പോഴാണ് അപകടമുണ്ടായത്. ചാവക്കാട് പുതുപ്പൊന്നാനിയില്‍ ദേശീയപാതയ്ക്കരികില്‍ കാറിടിക്കുകയായിരുന്നു. ചലനശേഷി തീര്‍ത്തും നഷ്ടമായി. കണ്ണ് മാത്രം അനക്കാനാകും. നേരിയ ബോധമുണ്ട്. എറണാകുളം എളമക്കര സ്വദേശി കെ.സി. സാനുവിന്റേതായിരുന്നു കാര്‍.

പരിചരണത്തിനും ചികിത്സയ്ക്കും മാസം 25,000 രൂപയെങ്കിലും വേണമെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധരുള്‍പ്പെട്ട ബോര്‍ഡ് കോടതിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് 35 ലക്ഷം രൂപ ഭാവിചികിത്സയ്ക്കായി കെട്ടിവെക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് നിര്‍ദേശിച്ചത്.

ഭാവിയിലെ ചികിത്സച്ചെലവിന് ട്രിബ്യൂണല്‍ അനുവദിച്ചത് ആറുലക്ഷം രൂപയായിരുന്നു. അത് തീര്‍ത്തും അപര്യാപ്തമാണെന്ന്‌ ൈഹക്കോടതി വിലയിരുത്തി. അപകടംമൂലം 90 ശതമാനത്തിലധികം ശേഷിക്കുറവുണ്ടെങ്കില്‍ തുടര്‍ചികിത്സയ്ക്ക് ആറുലക്ഷം രൂപയാണ് സുപ്രീംകോടതി കണക്കാക്കിയിട്ടുള്ളത്. 

എന്നാല്‍, ഓരോ കേസിലെയും അവസ്ഥ പരിഗണിച്ച് ട്രിബ്യൂണലിനോ കോടതിക്കോ അതില്‍ മാറ്റം വരുത്താമെന്നും മാസ്റ്റര്‍ മല്ലികാര്‍ജുന്‍ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.