Latest News

കോട്ടയത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: വയലായില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടപ്ലാമറ്റം വയല കൊശപ്പള്ളി ഭാഗത്ത് വാടകയ്ക്കു താമസിച്ചിരുന്ന പടിഞ്ഞാറേ കൂടല്ലൂര്‍ പുലിക്കുന്ന് മുകളേല്‍ സിനോജ് (42), ഭാര്യ നിഷ (35), മക്കളായ സൂര്യതേജസ് (12), ശിവതേജസ് (ഏഴ്) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com] 

മറ്റുള്ളവരെ കൊന്ന ശേഷം സിനോജ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന.

മൂത്തമകന്‍ സൂര്യതേജസിന്റെ മൃതദേഹം കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ്. നിഷയുടെയും ശിവതേജസിന്റെ മൃതദേഹങ്ങള്‍ കട്ടിലിലാണ് കിടന്നിരുന്നത്. നിഷയുടെ കഴുത്തിലും കയര്‍ മുറുകിയ പാടുണ്ട്. ഇവരുടെ ബന്ധുവും ഭിന്നശേഷിക്കാരനുമായ ഒരു കുട്ടി വീട്ടിലുണ്ടായിരുന്നു. എന്നാല്‍ രാത്രി നടന്ന സംഭവങ്ങളൊന്നും കുട്ടി അറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

സിനോജിന്റെ ഭാര്യ നിഷയുടെ മാതാപിതാക്കള്‍ വെളളിയാഴ്ച പുലര്‍ച്ചെ നാലുമണിവരെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. ഇവര്‍ നാലുമണിയോടെ സ്വദേശമായ കട്ടപ്പനയിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷമാകാം സംഭവം നടന്നതെന്നാണ് നിഗമനം. 

സിനോജിന്റെ സുഹൃത്ത് രാവിലെ പല തവണ ഫോണില്‍ വിളിച്ചിട്ടും ആരും ഫോണ്‍ എടുക്കാതെ വന്നതോടെ ഇയാള്‍ നേരിട്ടെത്തി കതകില്‍ മുട്ടിയപ്പോള്‍ ഭിന്നശേഷിക്കാരനായ കുട്ടിയാണ് വാതില്‍ തുറന്നത്. അപ്പോഴാണ് മൃതദേഹങ്ങളും കണ്ടെത്തിയത്.

പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സ്വര്‍ണപണിക്കാരനായിരുന്നു സിനോജ്. കടപ്ലാമറ്റം മേരിമാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സൂര്യതേജസും ശിവതേജസും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.