Latest News

ജില്ലയിൽ ആദ്യമായി മെഗാ തിരുവാതിര അരങ്ങിലെത്തിച്ച യുവ കൊറിയോഗ്രാഫർ തന്റെ അൻപതാമെത്തെ മെഗാ തിരുവാതിര അരങ്ങേറ്റാനൊരുങ്ങുന്നു

കാഞ്ഞങ്ങാട് : ജില്ലയിൽ ആദ്യമായി മെഗാ തിരുവാതിര അരങ്ങിലെത്തിച്ച യുവ കൊറിയോഗ്രാഫർ തന്റെ അൻപതാമെത്തെ മെഗാ തിരുവാതിര അരങ്ങേറ്റാനൊരുങ്ങുന്നു.[www.malabarflash.com]

വെള്ളിക്കോത്തെ ശ്രീരേഷ് രത്‌നാകരനാണ് ശനിയാഴ്ച അതിയാമ്പൂർ
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രസമീപത്തെ മൈതാനിയിൽ അൻപതു പേരുടെ മെഗാ തിരുവാതിര ഒരുക്കുന്നത്. ക്ലബിന്റെ മുപ്പതാം വാർഷികാഘോഷ ഭാഗമായി ശനിയാഴ്ച വൈകിട്ട് ഏഴിനാണു പരിപാടി. 

അൻപതാമത്തെ മെഗാ തിരുവാതിരയിൽ ചുവടു വയ്ക്കുന്നത് 50 പേരാണെന്ന പ്രത്യേകതയുമുണ്ട്. വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സർഗ വേദിയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി വർഷങ്ങൾക്കു മുൻപാണ് ശ്രീരേഷ് ആദ്യ മെഗാതിരുവാതിര ഒരുക്കിയത്.
നൂറു പേരാണ് അന്നു ചുവടു വച്ചത്. 

പരമ്പരാഗത നൃത്താസ്വാദകർ അന്നു നെറ്റി ചുളിച്ചെങ്കിലും ശ്രീരേഷ് അവതരിപ്പിച്ച മെഗാ തിരുവാതിര ഹിറ്റാകാൻ അധിക കാലം വേണ്ടി വന്നില്ല. ജില്ലയിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലും ക്ഷേത്രം, തറവാട് അങ്കണങ്ങളിലും ക്ലബ് വാർഷികങ്ങളിലും മെഗാ തിരുവാതിര ട്രെൻഡ്
ആയിക്കഴിഞ്ഞു. 150 പേരെ വച്ച് പാക്കം വെളുത്തോളിയിലും പയ്യന്നൂരിലും അരങ്ങൊരുക്കി. ബല്ലത്തപ്പൻ ക്ഷേത്രത്തിൽ 100 പേരുടെ തിരുവാതിര ഒരുക്കി.
രാജസ്ഥാനിലെ സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ മെഗാ
തിരുവാതിരയ്‌ക്കൊപ്പം ഒപ്പനയും മാർഗം കളിയും അരങ്ങേറ്റി. 

തൽസമയം പാട്ടു പാടി പരമ്പരാഗത രീതിയിൽ കുരവയിട്ട് ഗണപതിയെ ഉണർത്തി വന്ദനശ്ലോകവും മംഗളവും പാടിയാണ് ഈ യുവ നർത്തകൻ തിരുവാതിര പരിശീലിപ്പിക്കുന്നത്. നൃത്താധ്യാപികയായ ലീലാമ്മ തൃശൂരിൽ നടത്തുന്ന തിരുവാതിരക്കളരിയിൽ കൂടുതൽ പഠിക്കാൻ ശ്രീരേഷ് എത്താറുണ്ട്. 

മലയാള മനോരമ പയ്യന്നൂരിൽ നടത്തിയ തിരുവാദരം പരിപാടിയിലെ ക്ലാസുകളിലും സംബന്ധിച്ചു. ജന്മനാടായ വെള്ളിക്കോത്ത് വരുന്ന ഓണക്കാലത്ത് 500 പേരുടെ മോഹിനിയാട്ടം ഒരുക്കാനുള്ള
ശ്രമത്തിലാണ് ശ്രീരേഷ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.