Latest News

ഓഗസ്റ്റ് 15 വരെ റോഡ് കുഴിക്കല്‍ നിരോധിച്ചു

കൊച്ചി: ടാറിങ് റോഡിനു കുറുകെ കേബിള്‍ വലിക്കല്‍, പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയ റോഡ് ഉപരിതല പുതുക്കല്‍ പ്രവൃത്തികൾക്കു ഒാഗസ്റ്റ് 15 വരെ നിരോധനം. ഇതുമായി ബന്ധപ്പെട്ടു മന്ത്രി ജി.സുധാകരൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.[www.malabarflash.com] 

മഴക്കാലപൂര്‍വ കരുതലുകളുടെ ഭാഗമായി റോഡുകളിലും പാലങ്ങളിലും സ്വീകരിക്കാനുള്ള നടപടികള്‍ സംബന്ധിച്ചു കലക്ടറേറ്റ് പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൊതുമരാമത്തു വകുപ്പ് ഉത്തര, മധ്യമേഖല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിര്‍മാണ പ്രവൃത്തികള്‍ ടെൻഡർ ചെയ്ത് കരാര്‍ ഉറപ്പിക്കാന്‍ ഈ നിരോധന കാലയളവ് ഫലപ്രദമായി വിനിയോഗിക്കാം. റോഡിലെ കുഴികള്‍ അടയ്ക്കുന്നതു പോലെയുള്ള അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. മഴക്കാലത്തു റോഡുകള്‍ തകരുന്നതു തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം. കാടുപിടിച്ചു കിടക്കുന്ന ചെറുതുംവലുതുമായ എല്ലാ പാലങ്ങളും മഴയ്ക്കുമുമ്പു വൃത്തിയാക്കണം. കൈവരികൾ നന്നാക്കണം. ഓടകളിലെ മാലിന്യം നീക്കണം. 

പൊതുമരാമത്ത് വകുപ്പിന്റെ റോഡില്‍ അനധികൃത കയ്യേറ്റം അനുവദിക്കില്ല. നിലവിലുളള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

നവംബറോടു കൂടി ദേശീയപാത വികസന പ്രവൃത്തികള്‍ തുടങ്ങാനാവും. സ്ഥലമെടുപ്പു സംബന്ധിച്ചു പൊതുജനങ്ങള്‍ക്കുള്ള ആശങ്കയകറ്റും. ഇക്കാര്യത്തില്‍ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും. സംസ്ഥാനത്തെ 3000 പാലങ്ങളില്‍ പുതുക്കിപ്പണിയേണ്ടവ 400 എണ്ണമാണ്. അതില്‍ 162 എണ്ണം പുനര്‍നിര്‍മിക്കാനുള്ളതാണ്. ഇതില്‍ 38 എണ്ണത്തിനു ഭരണാനുമതി ലഭിക്കുകയും ആറെണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു.

ചീഫ് എൻജിനീയര്‍ പി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. റോഡ്‌സ് ആൻഡ് ബ്രിജസ് വിഭാഗം ചീഫ് എൻജിനീയര്‍ എം.എന്‍.ജീവരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്‍സ്ട്രക്‌ഷന്‍ കോര്‍പറേഷന്‍ എംഡി മധുമതി, ദേശീയപാത വിഭാഗം ചീഫ് എൻജിനീയര്‍ സുരേഷ് കുമാര്‍, ഹൈദ്രു, ത്രിവിക്രമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.